തിരുവനന്തപുരം: വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കുകയായിരുന്നു. അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസില്‍ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശം നല്‍കിയ കോടതി തുടരന്വേഷണം ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍ കേസില്‍ പോലീസ് തുടര്‍ അന്വേഷണം നടത്തുന്നതില്‍ വിശ്വാസമില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രതികരണം. വാളയാര്‍ കേസില്‍ ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതിയിലെ പ്രോസിക്യൂട്ടറെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.












