കൊച്ചി: വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുന്‍പ് വാഹന യാത്രക്കാര്‍ക്ക് തുറന്നു കൊടുത്ത വി ഫോര്‍ കൊച്ചി സംഘടന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വി ഫോര്‍ കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, സൂരജ് ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്ന പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരില്‍ വി ഫോര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പൊതു മുതല്‍ നശിപ്പിക്കല്‍ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായവരെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വി ഫോര്‍ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നു. വി ഫോര്‍ പ്രവര്‍ത്തകര്‍ അരൂര്‍ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്.
എന്നാല്‍ കടത്തിവിട്ട വാഹനങ്ങള്‍ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോള്‍ അവിടെ ബാരിക്കേഡുകള്‍ ഉണ്ടായതിനാല്‍ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഇവിടെ ഗതാഗത കുരുക്കുണ്ടായി. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പോലീസ് പറയുന്നത്.
പണി പൂര്‍ത്തിയായ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോര്‍ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധിച്ചപ്പോള്‍ പോലീസ് ഇവരെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. തങ്ങളുടെ സമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേല്‍പ്പാലം തുറന്നു കൊടുത്തതെന്നാണ് വി ഫോര്‍ കൊച്ചിയുടെ നേതാക്കള്‍ പറയുന്നത്.