തിരുവനന്തപുരം: വിഴിഞ്ഞം ക്രൂ ചെയ്ഞ്ചിങ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ ആദ്യപടിയായി കൂറ്റന്‍ ചരക്ക് കപ്പല്‍ 15ന് വിഴിഞ്ഞത്ത് പുറംകടലില്‍ നങ്കൂരമിടും. ഈജിപ്തില്‍ നിന്നും ശ്രീലങ്കയ്ക്ക് പോകുന്ന ചരക്കുകപ്പല്‍ ‘എവര്‍ ഗ്ലോബ്’ ആണ് ആദ്യമായി വിഴിഞ്ഞം തൊടുന്നത്. ജൂണ്‍ 26 ന് കണ്ടെയ്‌നറുകളുമായി പുറപ്പെട്ട എവര്‍ഗ്ലോബില്‍ മലയാളികള്‍ ഉള്‍പ്പെടെ 23 ഇന്ത്യക്കാരുണ്ട്. വിഴിഞ്ഞത്ത് എത്തുമ്പോള്‍ ഈ ജീവനക്കാര്‍ ഇറങ്ങുകയും പകരം ആളുകള്‍ കയറുകയും ചെയ്യും. പതിനാല് പേരാണ് മാറി കയറുന്നുവെന്നാണ് പുതിയ വിവരം. ഇവരുടെ ആരോഗ്യപരിശോധനാ നടപടികള്‍ പുരോഗതിയിലാണെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പി.പി.ഇ കിറ്റ് ധരിച്ചായിരിക്കും കപ്പലിലെ ജീവനക്കാര്‍ പുറത്തിറങ്ങുന്നത്. ഇവരുടെ ആരോഗ്യപരിശോധന തുറമുഖത്ത് വെച്ച് തന്നെ നടക്കും. തുടര്‍ന്ന് ഇവര്‍ ക്വാറന്റൈനിലേക്ക് പോകും.
പതിനഞ്ചിന് വിഴിഞ്ഞത്ത് എത്തുന്ന കപ്പലില്‍ കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥ സംഘം ബോട്ടില്‍ കപ്പലില്‍ എത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും നടപടികള്‍. കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് തുറമുഖങ്ങളെ സംബന്ധിച്ച് ഇവിടെ സുരക്ഷിതമാണെന്ന നിലയ്ക്കാണ് കപ്പല്‍ ഇവിടെ നങ്കൂരമിടുന്നത്. കൊച്ചി പ്രമുഖ ക്രൂ ചെയ്ഞ്ചിങ് കേന്ദ്രമാണെങ്കിലും തിരക്ക് കാരണം വിഴിഞ്ഞത്തെ ആശ്രയിക്കുകയായിരുന്നു. ക്രൂ ചെയ്ഞ്ചിങ് നടപടിയിലൂടെ വാടക ഇനത്തില്‍ ഉള്‍പ്പെടെ വലിയൊരു തുക തുറമുഖ വകുപ്പിന് ലഭ്യമാകും. കപ്പലുകള്‍ക്ക് വേണ്ട ഇന്ധനം, വെള്ളം എന്നിവ നിറച്ചുനല്‍കുന്ന ബങ്കറിഗ് സംവിധാനമടക്കുമുള്ളവ സജ്ജമാക്കേണ്ടതുണ്ട്.

















