വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ എല്‍ ജി പോളിമര്‍ കെമിക്കല്‍ പ്ലാന്‍റ് കുറ്റക്കാരെന്ന് ഹൈ പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വിഷവാതക ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്പനിയുടെ അശ്രദ്ധമൂലമാണ് അപടകടമുണ്ടായതെന്ന് സമിതി സര്‍ക്കാരിനെ അറിയിച്ചു. നീരബ് കുമാര്‍ പ്രസാദിന്‍റെ നേതൃത്വത്തിലുളള സമിതി 4,000 പേജുളള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കമ്പനി സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയിരുന്നു. അപകടത്തെ പ്രതിരോധിക്കാനുളള ഉചിതമായ മാര്‍ഗങ്ങളൊന്നും തന്നെ സ്വീകരിച്ചിരുന്നില്ല. കൂടാതെ വാണിങ്ങ് സൈറണ്‍ പോലുളള സൗകര്യങ്ങള്‍ പോലും കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ പ്രാട്ടോക്കോള്‍ ലംഘനം, സമയോചിതമായി അടിയന്തര നടപടി സ്വീകരിക്കുന്നതിലെ അഭാവം, അശ്രദ്ധ എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിരോധ സംവിധാനത്തിന്റെ വീഴ്ചയെകുറിച്ചാണ് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നത്.
മെയ് ഏഴിനായിരുന്നു വിശാഖപട്ടണത്തെ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതക ചോര്‍ച്ച ഉണ്ടായത്. സംഭവത്തില്‍ 12 പേര്‍ മരിക്കകുകയും നൂറിലധികം ആളുകളെ ബാധിക്കുകയും ചെയ്തു.