മലയാള ചലച്ചിത്ര മേഖലയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമണ്‍ ഇന്‍ കളക്ടീവില്‍ നിന്നും (ഡബ്ല്യുസിസി) രാജിവെച്ച് സംവിധായക വിധു വിന്‍സെന്‍റ്. ആത്മവിമര്‍ശനത്തിന്‍റെ കരുത്ത് ഡബ്ല്യൂസിസിയ്ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് വിധു വിന്‍സെന്‍റ് കൂട്ടായ്മയില്‍ നിന്നും പുറത്തുപോകുന്നതായി അറിയിച്ചത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൂട്ടായ്മയില്‍ നിന്നും പുറത്തുപോകുന്നതായി സംവിധായിക വ്യക്തമാക്കിയത്.
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദപരമായ അന്തരീക്ഷം സിനിമയ്ക്ക് അകത്തും പുറത്തും സൃഷ്ടിക്കാനായി ഡബ്ല്യൂസിസി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുളള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വിധു അറിയിച്ചു.
മലയാള സിനിമയില്‍ മികച്ച സംവിധായകയ്ക്കുളള പുരസ്‌കാരം നേടിയ ആദ്യ വനിതയാണ് വിധു വിന്‍സെന്‍റ്. വിധുവിൻസെന്‍റിന്‍റെ ഫീച്ചര്‍ സിനിമയായ മാന്‍ഹോളിനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച സംവിധായകയ്ക്കുളള അവാര്‍ഡ് ലഭിച്ചത്. ഡബ്ല്യൂസിസിയുടെ ഭാഗമായി നിന്ന് സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ വ്യക്തിയായിരുന്നു വിധു. എന്നാല്‍ തന്‍റെ രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാല്‍ ഇപ്പോള്‍ വിധു കൂട്ടായ്മയില്‍ നിന്നും പടിയിറങ്ങുകയാണ്. മലയാളത്തിലെ ഒരു നടിയ്ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടി രൂപീകരിച്ച കൂട്ടായ്മയാണ് വിമണ്‍ ഇന്‍ സിനിമാ സെലക്ടീവ്.