ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന മുന്നണി പോരാളികളാണ് മാധ്യമങ്ങള്‍ എന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഏതൊരു ആക്രമണവും ദേശതാല്‍പര്യത്തിന് വിരുദ്ധമാണെന്നും എല്ലാവരും അതിനെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞഅഞു.
ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച് ‘കോവിഡ്-19 മഹാമാരി കാലയളവില്‍ മാധ്യമങ്ങളുടെ പങ്കും, മാധ്യമ രംഗത്ത് കോവിഡ് 19ന്റെ സ്വാധീനവും’ എന്ന വിഷയത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മാധ്യമങ്ങള്‍ നീതിയുക്തവും സൂക്ഷ്മവും കൃത്യതയുള്ളതുമായ റിപ്പോര്‍ട്ടിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 മഹാമാരിയുടെ കാലത്ത് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച അച്ചടി, ഇലക്ട്രോണിക് രംഗത്തെ മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
അന്വേഷിച്ച് ഉറപ്പു വരുത്താത്തതും വസ്തുതാവിരുദ്ധവുമായ അവകാശ വാദങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മാധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.