വേണാട് സ്പെഷ്യൽ ഷൊർണൂർ വരെ ഓടിത്തുടങ്ങുന്നുവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി അറിയിച്ചു. പക്ഷേ യാത്രക്കാർ ട്രെയിൻ യാത്രയിലേയ്ക്ക് തിരിച്ചു വരാൻ മടിക്കുന്നത് നിലവിലുള്ള നിയന്ത്രണങ്ങൾ കാരണമാണ്. ലോക്ക്ഡൗണിനു ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചപ്പോൾ ഉള്ള നിയന്ത്രണങ്ങൾ തന്നെയാണ് ഇപ്പോഴും തുടരുന്നത്. അത് മാറ്റി സ്റ്റേഷനിൽ തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ടിക്കറ്റ് വിതരണം നടത്താൻ റെയിൽവേ തയ്യാറാകണം. കോവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് രാജ്യം മാറിയത് റെയിൽവേ അധികാരികൾ മാത്രമറിഞ്ഞില്ലെന്നു തോന്നുന്നു. സാധാരണക്കാർക്ക് അപ്രാപ്യമായ ഓൺലൈൻ സംവിധാനത്തിനൊപ്പം സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകൾ ആരംഭിച്ചാൽ മാത്രമേ യാത്രാക്കൂലി ഇനത്തിൽ വരുമാനം ലഭിക്കുകയുള്ളൂ.
അതുപോലെ തന്നെയാണ് സ്റ്റേഷനുകളിൽ നിന്നുള്ള യാത്രാ സൗകര്യത്തിൻ്റെ അപര്യാപ്തതയും. ഉദാഹരണത്തിന് വേണാടിൽ തിരുവനന്തപുരത്ത് രാത്രി എത്തുന്ന യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ഓട്ടോ / ടാക്സി കാർ മാത്രമാണ് ആശ്രയം. അമിത ചാർജാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ നിന്ന് ഇക്കൂട്ടർ ഈടാക്കുന്നത്. KSRTC യുമായി സഹകരിച്ച് സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉള്ള സ്റ്റേഷനുകളിൽ യാത്രാ സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ കൂടി ഉണ്ടാകണം.
യാത്രക്കാരുടെ നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് ഓടിത്തുടങ്ങുന്ന ട്രെയിനുകളിൽ ഒന്നായ വേണാട് സ്പെഷ്യലിന് മയ്യനാട് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയാണ് പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇതൊരു സൂചനയാണ്. ലാഭകരമല്ല എന്ന് റെയിൽവേ തീരുമാനിക്കുന്ന സ്റ്റോപ്പുകൾ നിർത്തലാക്കുന്ന സമീപനത്തിൻ്റെ തുടക്കം. ഇതിപ്പോൾ അനുവദിച്ചാൽ ഭാവിയിൽ മറ്റ് സ്റ്റോപ്പുകളും ട്രെയിനുകൾ തന്നെയും ഇതേ കാരണം ചൂണ്ടിക്കാട്ടി നിർത്തലാക്കും. റെയിൽവേയുടെ ഈ തീരുമാനം പുനപരിശോധിച്ച് വേണാടിന് മയ്യനാട് സ്റ്റോപ്പ് അനുവദിക്കുന്നതിനും ടിക്കറ്റ് കൗണ്ടറുകൾ ആരംഭിക്കുന്നതിനും ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.