സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതല്‍ പിടികൂടും. ട്രാഫിക് വകുപ്പ് വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക സംവിധാനം വഴി ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇന്‍ഷുറന്‍സ് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇന്‍ഷുറന്‍സ് ഡാറ്റകള്‍ ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. നൂതനമായ ഈ സംവിധാനം 22 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
സാമ്പത്തിക പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടാതിരിക്കാന്‍ വാഹന ഉടമകള്‍ ഇന്‍ഷുറന്‍സ് കാലാവധി ഉറപ്പുവരുത്തണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ രജിസ്ട്രേഷനും മറ്റ് നടപടികളും കൊവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന അസാധാരണ സാഹചര്യം ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു.
ജീവിതം സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു. അതിനാല്‍ വാഹനം ഇന്‍ഷുര്‍ ചെയ്യുന്നതടക്കമുള്ള ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും വാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും പാലിക്കണം. അപകടങ്ങള്‍ സംഭവിച്ചവര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന സംവിധാനമാണത്. വാഹനത്തിന് ഇന്‍ഷുര്‍ ഇല്ലാതിരിക്കല്‍ നിയമലംഘനമായി കണക്കാക്കും. ലംഘനം പിടികൂടിയാല്‍ 100 റിയാലിനും 150 റിയാലിനുമിടയില്‍ സാമ്പത്തിക പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.