ദുബായ്: രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ എത്തിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍, വിട്ടുമാറാത്ത രോഗങ്ങളാല്‍ വലയുന്നവര്‍ എന്നിവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. വയോജനങ്ങള്‍ക്ക് വീടുകളില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ അറിയിപ്പ്. ഇത്തരം വിഭാഗത്തില്‍പെട്ടവര്‍ക്ക് വീടുകളില്‍ വാക്‌സിന്‍ എത്തിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ടീമുകള്‍ സജ്ജമാണെന്നും സംഘം താമസക്കാര്‍ക്ക് അവരുടെ വീടുകളില്‍ വാക്‌സിന്‍ നല്‍കുമെന്നും അബൂദബി ഹെല്‍ത്ത് സര്‍വിസസ് കമ്പനി (സേഹ) ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഈ വിഭാഗങ്ങളില്‍പെടുന്നവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി 80050 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സെഹയുടെ ആക്ടിങ് ഗ്രൂപ് ചീഫ് ഓപറേഷന്‍ ഓഫിസര്‍ ഡോ. മര്‍വാന്‍ അല്‍ കാബി പറഞ്ഞു.വിതരണ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്ത വയോജനങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കും വീടുകളില്‍ വാക്‌സിന്‍ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ഞങ്ങളുടെ സന്ദേശം രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളതാണെന്ന് തുടങ്ങുന്ന കുറപ്പിലാണ് യു.എ.ഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ് അല്‍ ഹോസ്‌നി ഇക്കാര്യം വ്യക്തമാക്കിയത്. വയോജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ഉയര്‍ന്ന പരിഗണനയാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്രങ്ങളിലെത്താന്‍ കഴിയാത്ത വയോജനങ്ങള്‍ക്ക് അവരുടെ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും.