ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇക്കുറി വോട്ട് ചെയ്യാന്‍ എത്തില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്തു നിന്നു യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ദിവസങ്ങള്‍ക്കു മുന്‍പേ വി എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ചട്ടമനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് വി എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ പറഞ്ഞു. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടര്‍മാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വി എസ് അസ്വസ്ഥനാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
1951 ലെ ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും വി എസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറി. പറവൂര്‍ സാന്ത്വനം ബഡ്‌സ് സ്‌കൂളിലാണു ബൂത്ത്. അതേസമയം അരുണ്‍കുമാറും ഭാര്യയും ഇന്നു വോട്ട് ചെയ്യാനെത്തും.
കോവിഡ് ബാധിതര്‍, കോവിഡുമായി ബന്ധപ്പെട്ടു ക്വാറന്റൈനില്‍ കഴിയുന്നവര്‍, തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണ് തപാല്‍ വോട്ട് അനുവദിക്കുന്നത്. തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥര്‍ വി എസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.