ലക്‌നൗ: ലൗ ജിഹാദിനെതിരെ രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്ന സംസ്ഥാനമായി മാറി ഉത്തര്‍പ്രദേശ്. ലൗ ജിഹാദിനെതിരെ യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആന്ദിബെന്‍ പട്ടേല്‍ ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിയമം അനുസരിച്ച് നിര്‍ബന്ധിതമായോ നിയമവിരുദ്ധമായോ മതപരിവര്‍ത്തനം നടത്താന്‍ പാടില്ല. ഇതോടെ വിവാഹത്തിന് ശേഷമുളള മതംമാറ്റം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.
വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 1 മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്സി / എസ്ടി സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും ഇങ്ങനെ മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
പ്രായപൂര്‍ത്തിയായവര്‍ ആരെ ജീവിതപങ്കാളിയാക്കണമെന്ന തീരുമാനം അവരുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും അതില്‍ ഇടപെടാന്‍ സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും അവകാശമില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ കരടിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. നേരത്തെ കര്‍ണ്ണാടക, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.











