വാഷിംഗ്ടണ്‍: ടിക് ടോക്കിന്റെ അമേരിക്കയിലെ സേവനങ്ങള്‍ സ്വന്തമാക്കാനുളള ഒറാക്കിളിന്റെ നിര്‍ദേശം സ്വീകരിച്ചതായി യുഎസ് ഭരണകൂടം. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂചിനാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിദേശ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ പാനലായിരിക്കും ഇത് കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരുടെ ഡേറ്റ, കോഡ്, ഫോണ്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിനാല്‍ തങ്ങളുടെ സാങ്കേതിക ടീമുകള്‍ക്കൊപ്പം ഒറാക്കിളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും സ്റ്റീവന്‍ പറഞ്ഞു. അതേസമയം സേവനങ്ങള്‍ സ്വന്തമാക്കാനുളള നിര്‍ദേശം സമര്‍പ്പിച്ചതായി ഒറാക്കിളും സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന് മുന്നില്‍ തങ്ങള്‍ ഒരു നിര്‍ദേശം പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് സുരക്ഷയുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കുമെന്നാണ് കരുതുന്നതെന്നും ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ യുഎസിലെ ആളുകളെ ടിക് ടോക് തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം ടിക് ടോക്കിന്റെ യുഎസിലെ ഉടമസ്ഥാവകാശം ഏറ്റെടുക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിര്‍ദേശം ചൈനീസ് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് നിരസിച്ചിരുന്നു. മൈക്രോസോഫ്റ്റിന് വില്‍ക്കുന്നില്ലെന്നാണ് ബൈറ്റ് ഡാന്‍സ് അറിയിച്ചത്.