വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായാണ് കണക്കുകള്‍ മാറുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്തിരുന്ന ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ബൈഡന്‍ കുതിച്ചു കയറുകയാണ്.
അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടുള്ള ട്രംപിന്റെ ഹര്‍ജികള്‍ കോടതി തള്ളി. പരാജയ സാധ്യത പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആരോപണം.
കണക്കില്‍പ്പെടാത്ത 53 ബാലറ്റ് പെട്ടികളിലെ വോട്ടുകള്‍ നിയമ വിരുദ്ധമായി എണ്ണിയെന്ന് ആരോപിച്ചാണ് ജോര്‍ജിയയിലെ സൂപ്പിരിയര്‍ കോടതിയില്‍ ട്രംപ് ക്യാംപ് കേസിന് പോയത്. എന്നാല്‍ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ തള്ളുകയായിരുന്നു. അരിസോണ, പെന്‍സില്‍വാനിയ, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കരോലീന എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.