സുരക്ഷാ സഹകരണവും പ്രതിരോധ നിക്ഷേപത്തിനും അവസരമൊരുക്കുന്ന പ്രഖ്യാപനം. ബഹ്‌റൈനും, കുവൈത്തിനു ശേഷം നാറ്റോ ഇതര സഖ്യമാകുന്ന മുന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍
ദോഹ : ഖത്തറിനെ നാറ്റോ ഇതര സഖ്യത്തില്‍ ഉള്‍പ്പെടുത്തി യുഎസ് പ്രഖ്യാപനമായി. പ്രസിഡന്റ് ബൈഡന്റെ നിര്‍ദ്ദേശത്തിന് വൈറ്റ് ഹൗസ് ഔദ്യോഗിക അംഗീകാരം നല്‍കി.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഖത്തറിനെ നാറ്റോ ഇതര സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചത്.
കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള മൂന്നാമത്തെ നാറ്റോ ഇതര സഖ്യ കക്ഷിയായി ഇതോടെ ഖത്തര്‍ മാറി.
അമേരിക്കയുമായി പ്രതിരോധമുള്‍പ്പടെയുള്ള തന്ത്രപ്രധാനമായ പല വിഷയങ്ങളിലും അടുത്ത ബന്ധവും സഹകരണത്തിനും വഴിയൊരുക്കുന്നതാണ് നാറ്റോ ഇതര സഖ്യ കക്ഷിയെന്ന പദവി.
അഫ്ഘാന്‍ വിഷയത്തില്‍ ഖത്തര്‍ നടത്തിയ ഇടപെടലാണ് യുഎസിന് മതിപ്പുണ്ടാക്കിയത്. താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഖത്തറാണ് മദ്ധ്യസ്ഥത വഹിച്ചത്.
റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നാറ്റോ പ്രഖ്യാപിച്ച ഉപരോധങ്ങളെ തുടര്‍ന്ന് യൂറോപ്പിലേക്കുള്ള പ്രകൃതി വാതകം റഷ്യയില്‍ നിന്ന് ലഭ്യമല്ലാതാകുന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരം കാണുന്നതിനും ഖത്തറുമായുള്ള സഹകരണം അനിവാര്യവുമാണ്.