ലഖ്‌നൗ: യോഗി സര്‍ക്കാരിനെതിരെ യുപിയില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ഉത്തര്‍പ്രദേശ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ വീട്ടുതടങ്കലിലാണ്. പുലര്‍ച്ചെ നാല് മണി മുതല്‍ താന്‍ വീട്ടുതടങ്കലിലാണെന്ന കാര്യം യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു തന്നെയാണ് അറിയിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അരാജകത്വത്തിന്റെ എല്ലാ സീമകളും കടന്നിരിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോകുന്നതിനിടെയാണ് അജയ് കുമാര്‍ ലല്ലുവിനെ യുപി പോലീസ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ‘പുലര്‍ച്ചെ നാലുമണിക്ക് ഞാന്‍ ഹൗസ് അറസ്റ്റിലാണെന്ന് പറഞ്ഞു, അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് തെറ്റാണോ? എന്നെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, എന്താണ് യുപി സര്‍ക്കാരിന് മറയ്ക്കാനുള്ളത്?’ അദ്ദേഹം ചോദിച്ചു.
ഹത്രാസ് സംഭവത്തില്‍ രാജ്യ വ്യാപകമായ പ്രതിഷേധം തുടരുകയാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും നോയിഡയില്‍ വച്ച് പോലീസ് തടഞ്ഞെങ്കിലും പിന്നീട് ഹത്രാസിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.
അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മൗനത്തിലാണ്. ഇതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഹത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന സ്മൃതി ഇറാനിയുടെ ആരോപണത്തിനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആഗ്രയില്‍ വച്ച് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ മന്ത്രിയുടെ വാഹനവ്യൂഹം തടയുകയുണ്ടായി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.