ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആറു വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. യുപിയില്‍ ബലാത്സംഗത്തിന് ഇരയാക്കി പെണ്‍കുട്ടികളെ കൊന്നുതള്ളുന്നത് പതിവായി മാറിയിരിക്കുകയാണ്. പിലിഭിത് ജില്ലയിലാണ് സംഭവം. കേസില്‍ അയല്‍വാസിയായ 25 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നവംബര്‍ ആറിന് മതപരമായ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുളള പരിശോധനയിലാണ് തൊട്ടടുത്തുളള കരിമ്പില്‍ വയലില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.