സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ ഫ്ലാറ്റുകളുടെ കരാര്‍ ലഭിച്ചതിനായിരുന്നു കൈക്കൂലി. സ്വപ്നയ്ക്ക് 3.8 കോടിയും സന്ദീപ് നായര്‍ക്ക് 63 ലക്ഷവും നല്‍കി. പണം നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്. കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനാണ് പണം കൈപ്പറ്റിയത്.
സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. പണത്തിനു പുറമെ സ്വപ്നയ്ക്ക് അഞ്ച് ഫോണുകളും നൽകി. ഇതിലൊന്ന് കോണ്‍സുലേറ്റിലെ ചടങ്ങില്‍ സ്വപ്ന ചെന്നിത്തലയ്ക്ക് നല്‍കുകയായിരുന്നു. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി.
കമ്മീഷനിൽ മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുലേറ്റ് ജീവനക്കാരന് നൽകി. ഈജിപ്ഷ്യൻ പൗരൻ ഖാലിദാണ് പണം കൈപ്പറ്റിയത്. കോൺസുലേറ്റ് ജനറലാണ് പണം സ്വപ്‌ന വഴി ആവശ്യപ്പെട്ടതെന്നും സന്തോഷ് ഈപ്പൻ. കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഇതിനായി വന്നത്. കവടിയാറിലെ കഫേ കോഫി ഡേയിൽ വച്ചാണ് പണം കൈമാറിയത്. 68 ലക്ഷം സന്ദീപ് നായരുടെ കമ്പനിക്ക് കൈമാറി.
അതേസമയം, ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. ഫോണ്‍ കൈപ്പറ്റിയിട്ടല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പ്രതികരണം.