ഡല്‍ഹി: ഭാരതത്തെ അതിന്റെ പൈതൃക സ്വഭാവ സവിശേഷതകളിലേക്ക് കൊറോണ തിരികെ എത്തിച്ചതായി പേര്‍സണല്‍ പബ്ലിക് ഗ്രീവന്‍സ്സ് പെന്‍ഷന്‍ സഹമന്ത്രി ഡോക്ടര്‍ ജിതേന്ദ്ര സിംഗ്. കൃത്യമായ ഇടവേളകളിലെ കൈകഴുകള്‍, സമ്പര്‍ക്കം ഇല്ലാതെ നമസ്‌തേയിലൂടെ ഉള്ള അഭിവാദ്യം തുടങ്ങിയ ഭാരതത്തിലെ പരമ്പരാഗത ശീലങ്ങള്‍ കൂടുതല്‍ ശക്തിയോടെ നമ്മുടെ ജീവിതത്തില്‍ തിരികെ എത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യ പാലനത്തിന് ദേശീയതലത്തില്‍ പരിഗണന നല്‍കേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി കോവിഡ് നമ്മെ ബോധവാന്മാരാക്കി. സാമൂഹിക അകലം, ശുചിത്വം, യോഗ, ആയുര്‍വേദം, പരമ്പരാഗത വൈദ്യം എന്നിവയുടെ പ്രാധാന്യം ഈ മഹാമാരി കാലം നമുക്ക് വ്യക്തമാക്കി തന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
‘ഇന്നര്‍ എന്‍ജിനീയറിങ് – സുഖമായ ജീവിതത്തിനുള്ള സാങ്കേതികവിദ്യകള്‍’ എന്ന വിഷയത്തെപ്പറ്റി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ നടന്ന സമ്മേളനത്തില്‍ സദ് ഗുരുവിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം. സദ് ഭരണത്തിന്റെ ആത്യന്തികലക്ഷ്യം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കി തീര്‍ക്കുകയാണെന്നു ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. സന്തുഷ്ടരും ഉത്സാഹചിത്തരുമായ ഭരണാധികാരികള്‍ ജീവിതത്തിന്റെ എല്ലാ കോണുകളിലും സന്തോഷം വിതറുമെന്ന സദ്ഗുരുവിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.











