ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്റിയാൽ നിഷാന്ക് വിർച്ച്വൽ ആയാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം രാജ്യത്തെ സർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്ന അവസാന വർഷ പരീക്ഷകൾ, ഓഫ്‌ലൈൻ ആയോ ഓൺലൈൻ ആയോ, ഇവ രണ്ടും ചേർന്ന രീതിയിലോ സെപ്റ്റംബർ അവസാനത്തോടെ നടത്തേണ്ടതാണ്. ആവസാന സെമെസ്റ്ററുകളിലോ അവസാനവർഷത്തിലൊ പഠിക്കുന്ന, ഇനിയും ജയിക്കാൻ പേപ്പറുകൾ ഉള്ള വിദ്യാർഥികളുടെ മൂല്യനിർണയം കർശനമായും നടപ്പാക്കണമെന്നും നിർദേശമുണ്ട്. ഇത് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ നടത്താം.
അതേസമയം ഏതെങ്കിലും കാരണവശാൽ സർവ്വകലാശാലകൾ നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് ആ കോഴ്സിനോ പേപ്പറിനോ വേണ്ടിയുള്ള പ്രത്യേക പരീക്ഷകളിൽ പങ്കെടുക്കാൻ അവസരം നല്കേണ്ടതാണെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി നിർദേശങ്ങൾ സമർപ്പിക്കാനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ഒരു വിദഗ്‌ധ സമിതിക്ക് രൂപം നൽകിയിരുന്നു. കമ്മീഷൻ ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിൽ സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കുകയും രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾക്ക് അംഗീകാരം നൽകുകയുമായിരുന്നു.



















