ഗള്‍ഫ് ഇന്ത്യന്‍സ്.കോം
കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതി നിശ്ചയിക്കുന്നതില്‍ കോടതി വിധികള്‍ നിര്‍ണ്ണായകമാവുമെന്ന വിലയിരുത്തലിനെ ഉറപ്പിക്കുന്നതാണ് (ഒക്ടോബര്‍ 15, 2020) പുറത്തുവന്ന കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി വിധി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസ്സിലെ 10 പ്രതികള്‍ക്കു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഏജന്‍സിക്കു മാത്രമല്ല സ്വര്‍ണ്ണക്കടത്തു കേസ്സുമായി കഴിഞ്ഞ മൂന്നു മാസത്തിലധികമായി കേരളത്തിലെ പ്രമുഖ പ്രതിപക്ഷ കക്ഷികളും, മാധ്യമങ്ങളും കെട്ടിപ്പൊക്കിയ വാദങ്ങളുടെ മുന ഒടിക്കുന്നതാണ് ഈ വിധി.
കേസ്സിലെ 15 പ്രതികളില്‍ മുഖ്യ ആസൂത്രകര്‍ എന്നു സംശയിക്കുന്ന സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. പ്രതി പട്ടികയില്‍ 7, 12, 13 സ്ഥാനങ്ങളില്‍ ഉള്ള മുഹമ്മദ് ഷാഫി, മുഹമ്മാദലി, കെ.ടി. ഷറഫുദ്ദീന്‍ എന്നിവര്‍ ഒഴികെയുള്ള 10 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. സാധാരണ ഗതിയില്‍ 6-മാസം വരെ ജാമ്യം നിഷേധിക്കുന്ന രീതിയാണ് യുഎപിഎ നിയമ പ്രകാരം കുറ്റം ചാര്‍ത്തപ്പെട്ട കേസ്സുകളില്‍ കോടതികള്‍ അനുവര്‍ത്തിക്കുന്നത്. അതില്‍ നിന്നുള്ള മാറ്റമാണ് കൊച്ചി കോടതിയിലെ ഇന്നത്തെ വിധിയെ വ്യത്യസ്തമാക്കുന്നത്. ജാമ്യാപക്ഷേയുടെ വിചാരണ വേളയില്‍ തന്നെ സ്വര്‍ണ്ണക്കടത്തും, ഭീകരപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ എന്താണെന്നു കോടതി പല തവണ ആരാഞ്ഞിരുന്നു. ശക്തമായ തെളിവുകളുടെ അഭാവത്തില്‍ കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിക്കേണ്ടി വരുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
ജാമ്യം അനുവദിച്ച വിധി നല്‍കുന്ന സൂചന ശക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ല എന്നാണ്. സര്‍ക്കാരിനും, മുഖ്യമന്ത്രിയുടെ മുന്‍ സെക്രറട്ടരി ശിവശങ്കരനും ‘കരുക്കു മുറുകുന്നു’ എന്നു ദിവസങ്ങളായി എഴുതുകയും, പറയുകയും ചെയ്യുന്ന മാധ്യമങ്ങളുടെ വിശ്വാസ്യതക്കും ഏറ്റ ആഘാതമാണ് ഈ വിധി. എന്‍ഫോഴ്‌സ്‌മെന്റം ഡയറക്ടറേറ്റും, സിബിഐ-യും ഫയല്‍ ചെയ്ത കേസ്സുകളിള്‍ ദിവസങ്ങള്‍ക്കു മുമ്പു വന്ന വിധികള്‍ നല്‍കുന്നതും കുരുക്ക് മുറുകുന്നതിന്റെ സൂചകളല്ല. മുറുകുന്നതിനു പകരം അഴിയുന്നതിന്റെ ലക്ഷണം തുടര്‍ക്കഥയാകയാണെങ്കില്‍ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കുന്നതിനുള്ള ആവേശം ഭരണപക്ഷത്തിന് കൈവരുമെന്ന കാര്യത്തില്‍ സംശയമില്ല.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകളില്‍ മാത്രമല്ല സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ലാവ്‌ലിന്‍ കേസ്സിലും, കേരള ബാങ്ക് രൂപീകരണത്തിന്റെ വിഷയത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ്സിലെയും സംഭവവികാസങ്ങള്‍ ഭരണപക്ഷത്തിന് ഉത്തേജനം നല്‍കുന്നതാണ്. ലാവ്‌ലിനില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിന് സിബിഐ രണ്ടാഴ്ച കൂടി സമയം ചോദിച്ചിരിക്കുകയാണ്. അതോടെ നാളെ (വെള്ളിയാഴ്ച) കേസ്സ് കോടതിയുടെ പരിഗണനയില്‍ വരില്ലെന്നു ഉറപ്പായി. കേരള ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ള അനുമതിയാണ് ഇന്നു ഹൈക്കോടതി നല്‍കിയത്. ഈ വിഷയത്തില്‍ യുഡിഎഫ് അനുകൂല സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ സമര്‍പ്പിച്ച നാലു ഹര്‍ജികള്‍ കോടതി തള്ളി.
സര്‍ക്കാരിനെയും, ഭരണപക്ഷത്തെയും മുള്‍മുനയില്‍ നിര്‍ത്തിയ കേസ്സുകളില്‍ കോടതികളില്‍ നിന്നും ഒന്നിനു പുറകെ ഒന്നായി ഉണ്ടായ അനുകൂല തീരുമാനങ്ങള്‍ വരുന്ന ദിവസങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വര്‍ണ്ണക്കടത്തിലും, ലൈഫ് മിഷനിലും നടന്നുവെന്നു പറയപ്പെടുന്ന ക്രമക്കേടുകളില്‍ സര്‍ക്കാരിനെയും ഭരണപക്ഷത്തെയും വെട്ടിലാക്കാമെന്ന പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടലുകള്‍ അനായാസം നടപ്പിലാവില്ലെന്ന മുന്നറിയിപ്പാണ് കോടതികളില്‍ നിന്നും ഇതുവരെ ലഭിച്ച സൂചനകള്‍ നല്‍കുന്നത്. .