കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുകയാണെങ്കില്‍ യു.എ.ഇ യുടെ ഏറ്റവും പുതിയ ബജറ്റ് വിമാനക്കമ്പനിയായ ‘വിസ് എയര്‍ അബുദാബി’ യുടെ ആദ്യ വിമാനം ഒക്ടോബര്‍ ഒന്നിന് പറക്കും. വിമാനം കഴിഞ്ഞദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. കോവിഡ് പ്രതിസന്ധി തീരുന്നതോടെ വ്യോമയാന മേഖല കൂടുതല്‍ സജീവമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
അലക്‌സാന്‍ഡ്രിയ, ആതന്‍സ്, ജോര്‍ജിയയിലെ കുടൈസി, സൈപ്രസിലെ ലര്‍നാകാ, യുക്രെയ്‌നിലെ ഒഡേസ, അര്‍മേനിയയിലെ യെരേവന്‍ എന്നിവിടങ്ങളിലേക്കാവും ആദ്യഘട്ട സര്‍വീസുകള്‍ നടത്തുക. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഹംഗേറിയന്‍ എയര്‍ലൈന്‍ എ.ഡി.ക്യു വുമായി ചേര്‍ന്ന് യു.എ.ഇ.യുടെ ആറാമത്തെ ദേശീയ വിമാനക്കമ്പനി രൂപീകരിച്ചത്.
കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കി മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാനാണ് ശ്രമിക്കുന്നതെന്ന് വിസ്എയര്‍ അബുദാബി എം.ഡി കീസ് വാന്‍ ഷായെക് വ്യക്തമാക്കി.