ഒമിക്രോണോ മറ്റേതെങ്കിലുമോ കോവിഡ് വകഭേദങ്ങളുടെ ഭീഷണിയുണ്ടെങ്കില്‍ പോലും രാജ്യം ലോക്ഡൗണിലേക്ക് പോകില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി
ദുബായ് : കോവിഡ് വ്യാപനത്തിന്റെ പേരില്‍ രാജ്യം ലോക് ഡൗണിലേക്ക് പോകില്ലെന്ന് യുഎഇ മന്ത്രി. 2020 ആദ്യ ഘട്ടത്തില്‍ കോവിഡിനെ തുടര്‍ന്ന് രാജ്യം ലോക് ഡൗണിലേക്ക് പോയിരുന്നു. രാജ്യാന്തരയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഭാവിയില്‍ ഇത്തരം ഭീഷണികളെ തുടര്‍ന്ന് ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി പറഞ്ഞു.
കോവിഡിനെ നേരിടാനും ഗുരുതര പ്രതിസന്ധികള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാനായി തന്ത്രങ്ങള്‍ രാജ്യം ആവിഷ്‌കരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിക്കെതിരെ സുരക്ഷയും മുന്‍കരുതലും രാജ്യം സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സുവര്‍ണ ജൂബിലിയും എക്‌സ്‌പോ 2020 യും യുഎഇ ആഘോഷിക്കുകയാണ്. ലോക്ഡൗണിലൂടെ തുടര്‍ന്ന് പോകാനാവില്ലെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കുകയായിരുന്നു തങ്ങള്‍. ആരോഗ്യവും സമ്പദ് വ്യവസ്ഥയും ഒരേ സമയം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് വിദേശ വ്യാപാര സഹമന്ത്രി മന്ത്രി ഡോ. താനി അല്‍ സെയൂദി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ 100 ശതമാനം ഉടമസ്ഥതയോടെയുള്ള വിദേശ സംരംഭങ്ങള്‍ക്ക് യുഎഇ അനുമതി നല്‍കി. പ്രവര്‍ത്തി ദിവസങ്ങളില്‍ മാറ്റം വരുത്തി. ലോകവുമായി ഒത്തുപോകുന്നതിനുള്ള നീക്കുപോക്കുകളാണ് നടത്തിയത്. തൊഴില്‍-സാമൂഹിക നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
വാക്‌സിനേഷനും കോവിഡ് ടെസ്റ്റും എല്ലാമായി പ്രതിരോധം തീര്‍ത്ത് പകര്‍ച്ചവ്യാധിയെ നേരിടുന്ന നയമാണ് യുഎഇയുടേതെന്ന് വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.