യുഎഇയില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ 13 കരാറുകളില്‍ ഒപ്പുവെച്ചു
അബുദാബി : ഒരു പതിറ്റാണ്ടിനു ശേഷം യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗാന്‍ പതിമൂന്നോളം കരാറുകളില്‍ ഒപ്പു വെച്ചു.
അബുദാബി ഖസര്‍ അല്‍ വതന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടവകാശിയും യുഎഇ സായുധ സേനയും ഡെപ്യുട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നെഹിയാന്റെ സാന്നിദ്ധ്യത്തിലാണ് കരാറുകളില്‍ ഒപ്പിട്ടത്.
ആധുനിക സാങ്കേതിക വിദ്യ, കൃഷി, ഗതാഗതം, വ്യവസായം, പ്രതിരോധം, കാലാവസ്ഥ, സംസ്‌കാരം, ദുരന്ത നിവാരണം,മീഡിയ, യുവജന വികസനം മീഡിയ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് തുര്‍ക്കിയുമായി ഒപ്പുവെച്ചത്.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും തുര്‍ക്കി പ്രസിഡന്റിനെ സ്വീകരിച്ചു.
യുഎഇയില്‍ നിന്നുള്ള സംരംഭകര്‍ക്ക് തുര്‍ക്കിയില്‍ നിക്ഷേപം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
തുര്‍ക്കിയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മേഖലയിലെ പ്രധാന വ്യാപാര പങ്കാളിയായി തുര്‍ക്കിയെ മാറ്റുമെന്നും യുഎഇ വിദേശ കാര്യ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം ദുബായ് വേള്‍ഡ് എക്‌സ്‌പോ വേദിയിലെത്തിയ എര്‍ദോഗാനെ ദുബായ് ഭരണാധികാരി സ്വീകരിച്ചു.
കോവിഡ് മഹാമാരിയുടെ കാലത്ത് എക്‌സ്‌പോ വിജയകരമായി നടത്താനായതിനെ അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിളളലുകള്‍ വീണിരുന്നു. എന്നാല്‍, വിവാദ വിഷയങ്ങള്‍ മാറ്റിവെച്ച് ലോകം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഇരു രാജ്യങ്ങളും യോജിപ്പിന്റെ മേഖലകളില്‍ കൈകോര്‍ക്കുകയാണെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.