കാലോചിതമായി സാമൂഹിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അഡല്‍റ്റ്‌സ് ഒണ്‍ലി ചിത്രങ്ങളുടെ രാജ്യാന്തര പതിപ്പുകള്‍ സെന്‍സറിംഗ് ഇല്ലാതെ യുഎഇയിലെ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ദുബായ് : യുഎഇയിലെ സിനിമാ പ്രേമികള്‍ക്ക് എ സര്‍ട്ടിഫിക്കേറ്റ് സിനിമകള്‍ സെന്‍സറിംഗ് ഇല്ലാതെ ഇനിമുതല്‍ കാണാനാകും. എന്നാല്‍, സിനിമ കാണാനുള്ള പ്രായപരിധി 21 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്.
ഇതുവരെ 18 വയസ്സായിരുന്നു അഡല്‍റ്റ്‌സ് ഒണ്‍ലി സിനിമകള്‍കാണാനുള്ള പ്രായപരിധി. എല്ലാ സിനിമകളും യുഎഇ സെന്‍സറിംഗ് അഥോറിറ്റി കാണുകയും ആവശ്യമായ നിയന്ത്രണങ്ങളോടെ സെന്‍സറിംഗ് നടത്തി സിനിമകള്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു ഇതുവരേയുള്ള കീഴ് വഴക്കം.
എ സര്‍ട്ടിഫിക്കേറ്റ് ഉള്ള സിനിമകള്‍ കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് പ്രായം ഉറപ്പു വരുത്തിയ ശേഷം മാത്രമായിരിക്കും സിനിമാശാലകളില്‍ പ്രവേശനം ഇനിമുതല്‍ അനുവദിക്കുകയെന്ന് യുഎഇ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു.
എല്ലാ സിനിമകളും അവയുടെ അന്താരാഷ്ട്ര പതിപ്പില്‍ സെന്‍സറിംഗ് ഇല്ലാതെ കാണാനാകും.
രാജ്യത്തെ സാമൂഹിക നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സിനിമകളുടെ സെന്‍സറിംഗ് വിഷയത്തില്‍ ഉചിതമായ തീരുമാനം സ്വീകരിച്ചിരിക്കുന്നത്.
അവിവാഹിതര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള നിയമ ഭേദഗതിയും മദ്യം വാങ്ങുന്നതിന് ലൈസന്‍സ് സമ്പ്രദായത്തില്‍ ഇളവുകള്‍ വരുത്തിയും പ്രവാസികള്‍ക്ക് പൂര്‍ണ ഉടമ സ്ഥതയില്‍ കമ്പനികള്‍ തുടങ്ങുന്നതിന് അനുവാദം നല്‍കിയതും എല്ലാം പുതിയ സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമാണ്.