കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തിയതായും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും മരണങ്ങളും കുറയുന്നതായും റിപ്പോര്‍ട്ടുകള്‍
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയതായി യുഎഇ ആരോഗ്യ വകുപ്പ് അറിയിച്ചു.
4.18 ലക്ഷം പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ 558 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ബാധിച്ചവരില്‍ 1623 പേര്‍ കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 882,477 ആണ്. രോഗം ഭേദമായവരുടെ എണ്ണം 841,706 . ആകെ മരണം 2,301. അതേസമയം, നിലവില്‍ രോഗം ബാധിച്ച് കഴിയുന്നവരുടെ എണ്ണം 38,470 ആണ്.
കോവിഡ് കേസുകള്‍ കുറഞ്ഞതോടെ യുഎഇയിലേക്ക് എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതായി ട്രാവല്‍ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎഇയിലേക്ക് എത്തുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയത് ഒഴിവാക്കിയിരുന്നു. അതേസമയം. യാത്രയ്ക്കുള്ള ടിക്കറ്റിനൊപ്പം ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
യുഎഇയില്‍ എത്തിയ ശേഷം കോവിഡ് പോലുള്ള രോഗം പിടിപെടുന്നവര്‍ക്ക് ചികിത്സാ ചെലവ് വഹിക്കാന്‍ ട്രാവല്‍ ഇന്‍ഷുറസ് സഹായകമാകും.