ഔഷധ നിർമാണത്തിലുൾപ്പെടെ സ്വയംപര്യാപ്ത കൈവരിക്കാനുള്ള ബൃഹദ് പദ്ധതികൾക്ക് യുഎഇ തുടക്കം കുറിക്കുന്നു. പുതുതായി രൂപം നൽകിയ വ്യവസായ-ഉന്നത സാങ്കേതിക വിദ്യാ മന്ത്രാലയത്തിനാണു ചുമതല. വെള്ളം, ഭക്ഷണം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൾ ആശ്രിതത്വം പൂർണമായും ഒഴിവാക്കാനുള്ള കർമപരിപാടികൾക്ക് രൂപം നൽകും. മന്ത്രാലയം രൂപം നൽകിയ പദ്ധതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി.
നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് വിവിധ മേഖലകളിൽ സ്വയംപര്യാപ്ത കൈവരിക്കുന്നതിനൊപ്പം വാണിജ്യ-വ്യവസായ സാധ്യതകൾ ഉപയോഗപ്പെടുത്തുകയുമാണു ലക്ഷ്യം. കോവിഡിനു ശേഷമുള്ള കാലഘട്ടം കൂടുതൽ മത്സരാധിഷ്ഠിതമാകുമെന്നതിനാൽ വിവിധ മേഖലകളിൽ പഠന-ഗവേഷണങ്ങൾ ഊർജിതമാക്കും. സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ സാമ്പത്തിക മുന്നേറ്റമാണ് രാജ്യം ലക്ഷ്യമിടുന്നത്. കർമപരിപാടികളുടെ സമഗ്ര രൂപരേഖ മന്ത്രാലയത്തിന്റെ ചുമതലമുള്ള ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, സഹമന്ത്രി സാറ ബിൻത് യൂസഫ് അൽ അമിരി എന്നിവർ അവതരിപ്പിച്ചു. ഹ്രസ്വ, ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളാണു നടപ്പാക്കുക. ഓരോ ഘട്ടത്തിലും ഇവ വിലയിരുത്തി അനിവാര്യ മാറ്റങ്ങൾ വരുത്തും.
اطلعت اليوم على خطة عمل وزير الدولة للاقتصاد الرقمي والذكاء الاصطناعي .. 4.3٪ مساهمة الاقتصاد الرقمي في ناتجنا المحلي في 2019 .. ولدينا اليوم وزير الدولة مهمته مضاعفة هذا الرقم وتعزيز بنيتنا التحتية الذكية وجاهزيتنا الحكومية أيضا لاستمرار الأعمال تحت كل الظروف pic.twitter.com/gKqTjZb6Un
— HH Sheikh Mohammed (@HHShkMohd) August 17, 2020
ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും പങ്കെടുത്തു. സമ്പദ് വ്യവസ്ഥയുെട പുരോഗതി, മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ച തുടങ്ങിയ ലക്ഷ്യമിട്ട് നിയമങ്ങളും നയങ്ങളും രൂപവൽകരിക്കുകയും നടപടികൾക്കു തുടക്കം കുറിക്കുകയും ചെയ്യുമെന്നു മന്ത്രി ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. ചെറുകിട-ഇടത്തരം കമ്പനികൾക്കു പ്രോത്സാഹനം നൽകും. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ പഠന-ഗവേഷണങ്ങൾക്കു തുടക്കം കുറിക്കും. ഹൈടെക് വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും രാജ്യാന്തര ആസ്ഥാനമായി യുഎഇയെ മാറ്റും.
ഭാവിയിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുക നൂതന സാങ്കേതിക വിദ്യകൾ ആയിരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ കൂടുതൽ ആശയങ്ങളും പ്രവർത്തനങ്ങളും അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.