ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തി ദിനമാക്കി യുഎഇ അടുത്തിടെ പ്രഖ്യാപിച്ച വാരാന്ത്യ അവധിയോട് അനുബന്ധിച്ച് ഞായറാഴ്ച ഒഴിവുദിവസമാക്കിയതായി മഷ്‌റിക് ബാങ്കും, അബുദാബി ഇസ്ലാമിക് ബാങ്കും അറിയിച്ചു. എന്നാല്‍, ബാങ്കുകള്‍ ആഴ്ചയില്‍ ആറു ദിവസമായിരിക്കും പ്രവര്‍ത്തിക്കുക.
അബുദാബി : 2022 ജനുവരി ഒന്നു മുതല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ മാറുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ രണ്ട് ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശ പ്രകാരം അവധി പ്രപിച്ചു. ആഴ്ചയില്‍ ആറു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന സെന്‍ട്രല്‍ ബാങ്ക് നിബന്ധന അനുസരിച്ച് മഷ്‌റിക് ബാങ്കും അബുദാബി ഇസ്ലാമിക് ബാങ്കും ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്.
തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തി ദിനമായിരിക്കുമെന്നും വെള്ളിയാഴ്ച ഉച്ചവരെയാകും പ്രവര്‍ത്തിക്കുക എന്നും അബുദാബി ഇസ്ലാമിക് ബാങ്ക് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ പന്ത്രണ്ട് വരെയാകും പ്രവര്‍ത്തി സമയം. ഷോപ്പിംഗ് മാളുകളില്‍ ഉള്ള ബാങ്കിംഗ് കേന്ദ്രങ്ങള്‍ വൈകീട്ട് നാലു മുതല്‍ രാത്രി പത്തുവരെയും വെള്ളിയാഴ്ച പ്രവര്‍ത്തിക്കും. അതേസമയം, കസ്റ്റമര്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കുമെന്നും അബുദാബി ഇസ്ലാമിക് ബാങ്ക് അറിയിച്ചു.
മഷ്‌റിക് ബാങ്ക് ശാഖകള്‍ വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12.30 വരെയാകും പ്രവര്‍ത്തിക്കുക. മഷ്‌റികിന്റെ ഇന്ത്യ, പാക്കിസ്ഥാന്‍, ഈജിപ്ത് സെന്ററുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും. ജിസിസിയിലെ ഇതര ശാഖകള്‍ പതിവു പോലെ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാകും പ്രവര്‍ത്തിക്കുക എന്നും അധികാരികള്‍ അറിയിച്ചു.
2022 ജനുവരി ഒന്ന് ശനിയാഴ്ച ആയതിനാല്‍ പുതിയ വാരാന്ത്യ അവധി പ്രകാരം ജനുവരി മൂന്നിനാകും ആദ്യ പ്രവര്‍ത്തിദിനം. ഡിസംബര്‍ 31 വെള്ളിയാഴ്ചയും അവധിയാകയാല്‍ തുടര്‍ച്ചയായ മൂന്നു ദിവസം പുതുവത്സരത്തോടനുബന്ധിച്ച് വാരാന്ത്യ അവധി ദിനങ്ങള്‍ ലഭിക്കും.












