യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ നിരന്തര ആവശ്യത്തിന് ആശ്വാസമായി പുതിയ ഉത്തരവ്
ദുബായ് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിഷ്‌കര്‍ഷിച്ചിരുന്ന പിസിആര്‍ പരിശോധന ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനുള്ള രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ചവരെയാണ് പിസിആര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. ഇന്ത്യയില്‍ നിന്നോ യുഎഇയില്‍ നിന്നോ രണ്ട് വാക്‌സിനുകള്‍ എടുത്തുവരെയാണ് ഇതില്‍ നിന്ന് ഒഴിവാക്കിയത്.
നേരത്തെ, ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ എടുത്തവരെ മാത്രമായിരുന്നു ഒഴിവാക്കിയിരുന്നത്. ഇത് മുപ്പത്തിയഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
കോവിഡ് പ്രതിരോധത്തില്‍ യുഎന്‍ ഉള്‍പ്പടെയുള്ള വിവിധ രാജ്യാന്തര സംഘടനകളില്‍ നിന്നും ബഹുമതിയും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ യുഎഇയില്‍ നിന്നുള്ള യാത്രക്കാരെ കോവിഡ് ടെസ്റ്റിന് നിര്‍ബന്ധിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
മാര്‍ച്ച് 31 അര്‍ദ്ധ രാത്രിമുതല്‍ പുതിയ നിയമം നിലവില്‍ വന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം.
അതേസമയം, വാക്‌സിന്‍ എടുക്കാത്തവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കേറ്റും എയര്‍ സുവിധയില്‍ ഹാജരാക്കണം.
യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയാണ് ഇതോടെ ഒഴിവാക്കിയത്.