അബുദാബി: യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി തങ്ങുന്നവര്‍ക്ക് രാജ്യം വിടാനുള്ള തിയ്യതി നീട്ടി. മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയം ഈ വര്‍ഷം അവസാനം വരെയാണ് നീട്ടിയത്.
ഇളവ് ഇന്ന് തീരാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് 18 നാണ് ഇളവ് പ്രഖ്യാപിച്ചത്. ആഗസ്ത് 18 വരെയായിരുന്നു അനധികൃതമായി തങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള അന്തിമ സമയം. എന്നാല്‍, പിന്നീടത് നവംബര്‍ 17 വരെയും ഇപ്പോള്‍ വര്‍ഷാവസാനം വരെയും നീട്ടുകയായിരുന്നു
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഇളവുകള്‍ പ്രഖ്യാപിച്ചത്. താമസ, സന്ദര്‍ശക, ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ക്ക് മടങ്ങിപോകാനുള്ള അവസരം എന്ന നിലയ്ക്കായിരുന്നു ഇത്. ആനുകൂല്യം പ്രയോജനപ്പെടുത്തി യുഎഇയില്‍ നിന്ന് പോകുന്നവര്‍ക്ക് തിരിച്ചു വരാന്‍ നിയമ തടസ്സമുണ്ടാവില്ല.

















