കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും കുറവ്
ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഎയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ. 2022 ആരംഭിച്ച ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയായത്.
930 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരിച്ചു. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2288 ആയി.
രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 2689 പേര്‍ രോഗമുക്തരായി.
രോഗ വ്യാപന തോത് കുറഞ്ഞതിനെ തുടര്‍ന്ന് യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി പതിനഞ്ചു മുതല്‍ ഇത് നിലവില്‍ വന്നു.
പൊതുപരിപാടികളും സിനിമ പ്രദര്‍ശനങ്ങളും പൂര്‍ണ തോതില്‍ അനുവദിച്ചിട്ടുണ്ട്. അതാത് എമിറേറ്റുകളിലെ രോഗ സ്ഥിതി കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാനും ഇളവു നല്‍കാനും അനുമതി നല്‍കിയതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.