രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം പരിമിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അബുദാബി: ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ബുധനാഴ്ച വൈകീട്ട് ലഭിച്ച വിവരം അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേര്‍ക്ക് കൂടി കോവിഡ് 19 ബാധിച്ചു. 294 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,124 ആണ്. ഇതോടെ ആകെ രോഗികള്‍ 7,45,555 ഉം രോഗമുക്തി നേടിയവര് 7,39,277 ഉം ആണ്.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രികളിലും ഐസിയു ബെഡുകളും പാതിയോളം ഒഴിഞ്ഞു തന്നെയാണ് കിടക്കുന്നതെന്നും വാക്‌സിനേഷന്‍ ഫലപ്രദമായി ചെയ്തതിനെ തുടര്‍ന്ന് രോഗം ഗുരുതരമാകുന്ന സാഹചര്യം ഒഴിവാകുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും വിദഗ്ദ്ധര്‍ കരുതുന്നു.
അവധി ദിവസങ്ങളും ഇതര ആഘോഷങ്ങളും മുന്‍നിര്‍ത്തി കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ നൂറില്‍ താഴെയായിരുന്നു പുതുതായി രോഗം ബാധിക്കുന്നവരുടെ ശരാശരി പ്രതിദിന കണക്ക്.
പീസിആര്‍ പരിശോധന 107 ദശലക്ഷം കവിഞ്ഞു
ഇതുവരെയുള്ള കണക്ക് അനുസരിച്ച് കോവിഡ് പിസിആര്‍ പരിശോധന 10 കോടി കവിഞ്ഞതായി യുഎഇ ഹെല്‍ത്ത് അഥോറിറ്റി അറിയിച്ചു.