അബുദാബി: മാര്‍ച്ച് ഒന്നിന് മുന്‍പ് അവസാനിച്ച വിസയുമായി യുഎഇയില്‍ തുടരുന്നവര്‍ക്കുള്ള പൊതുമാപ്പ് സമയപരിധി നാളെ അവസാനിക്കും. നാളെ കഴിഞ്ഞ് രാജ്യത്ത് തുടരുന്ന താമസ, സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തി അടച്ചതോടെ രാജ്യം വിടാന്‍ സാധിക്കാതെ പോയവര്‍ക്ക് 10 മാസത്തെ സാവകാശം ഇതിനോടകം ലഭിച്ചിരുന്നു.യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന് സമാനമായ ഇളവ് ഇതിനോടകം ആയിരത്തിലധികം പേരാണ് ഉപയോഗപ്പെടുത്തിയത്. അനധികൃതമായി യുഎഇയില്‍ തങ്ങിയതിനുള്ള പിഴ പൂര്‍ണമായും അധികൃതര്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.
പൊതുമാപ്പിന് സമാനമായ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് മറ്റൊരു വിസയില്‍ തിരിച്ചുവരാനും സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ നാളേക്കകം നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാത്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.













