കണ്ണൂര്‍ സ്വദേശി ഷറഫുവിന്റെ നായകപദവിയില്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം. യുഎഇയുടെ ആദ്യമത്സരം ഇന്ത്യയ്‌ക്കെതിരെ 23 ന് ഷാര്‍ജയില്‍
ദുബായ് : ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള യുഎഇയുടെ ദേശീയ ടീമില്‍ നായകനുള്‍പ്പടെ രണ്ടു പേര്‍ മലയാളികള്‍. ആ രണ്ടു പേരും കണ്ണൂര്‍ ജില്ലക്കാര്‍.
പതിനഞ്ച് അംഗ ടീമിലെ പതിമൂന്നു പേരും ഇന്ത്യയില്‍ നിന്നുള്ള താരങ്ങളുമാണ്. മലയാളി താരമായ അലിഷാന്‍ ഷറഫുമാണ് ടീമിന്റെ നായകന്‍. മറ്റൊരു മലയാളി താരം വിനായകനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യന്‍ താരമായിരുന്ന റോബിന്‍ സിംഗാണ് ടീമിന്റെ പരിശീലകന്‍. മറ്റൊരു താരം റോണക് പനോലി പാതി മലയാളിയാണ്. റോണകിന്റെ പിതാവും കണ്ണൂര്‍ ജില്ലക്കാരനാണ്. അമ്മ മഹാരാഷ്ട്ര ക്കാരിയാണ്.
നായകന്‍ ഷറഫു കണ്ണൂര്‍ സ്വദേശിയും വിനായക് തലശ്ശേരി സ്വദേശിയുമാണ്. റോണകിന്റെ പിതാവും തലശ്ശേരി സ്വദേശിയാണ്.
ധ്രുവ് പരാഷര്‍, ആദിത്യ ഷെട്ടി, പുണ്യ മെഹ്‌റ, സൂര്യ സതീഷ്, ആയന്‍ ഖാന്‍ ആര്യന്‍ഷ് ശര്‍മ, ജാഷ് ജിയാനാനി, ശൈലേഷ് ജയശങ്കര്‍, ഷിവല്‍ബാവ, നിലെന്‍ഷ് കെസ് വാനി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള താരങ്ങള്‍. പാക്കിസ്ഥാനില്‍ നിന്നുള്ള അലി അമീര്‍, യുകെയില്‍ നിന്നുള്ള കൈ സ്മിത് എന്നിവരും ടീമിലുണ്ട്.
ഫൈനല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍
ഡിസംബര്‍ 23 ന് ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യയും ആതിഥേയരായ യുഎഇയും ഏ ഗ്രൂപ്പിലാണ്. 23 ന് യുഎഇയുടെ ആദ്യമത്സരം ഇന്ത്യയുമായാണ്. 25 ന് അഫ്ഗാനിസ്ഥാനേയും 27 ന് പാക്കിസ്ഥാനേയും യുഎഇ ഗ്രൂപ്പ് സ്റ്റേജില്‍ നേരിടും. ഡിസംബര്‍ 30 ന് സെമിയും 31 ന് ഫൈനലും അരങ്ങേറും. യുഎഇ, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈറ്റ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.