വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. കോവിഡ് മാറി തനിക്ക് പ്രതിരോധ ശേഷി കൈവന്നു എന്ന
ട്രംപിന്റെ വ്യാജ ട്വീറ്റിനെതിരെയാണ് ട്വിറ്ററിന്റെ നടപടി.
സ്വന്തം ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു ട്രംപിന്റെ ട്വീറ്റ്. “വൈറ്റ് ഹൗസ് ഡോക്ടര്‍മാരോട് പൂര്‍ണമായും വിട പറഞ്ഞു. അതായത് എന്നെ ഇനിയിത് ബാധിക്കില്ല, എനിക്ക് അത് മറ്റാര്‍ക്കും നല്‍കാനും കഴിയില്ല. ഇക്കാര്യം അറിഞ്ഞതില്‍ വളരെയധികം സന്തോഷം”- ഇതാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ട്രംപ് ലംഘിച്ചതായി ട്വിറ്റര്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപിനെ സേനാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ട്രംപ് രോഗമുക്തനായി എന്നുപറഞ്ഞ് ആശുപത്രി വിടുകയായിരുന്നു. എന്നാല്‍ അദ്ദേഹം പൂര്‍ണമായും രോഗത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്ന് ആശുപത്രി വിട്ടതിന് പിന്നാലെ ട്രംപിനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയോളെ അതീവ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.