സാന്‍ഫ്രാന്‍സിസ്‌കോ: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, ടെസ്ല ഉടമ എലണ്‍ മസ്‌ക്, പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഉള്‍പ്പെടെയുളള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് ഇവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. അതേസമയം സംഭവത്തെകുറിച്ച് അന്വേഷിക്കുകയാണെന്നും പരിഹരിക്കാനുളള നടപടികള്‍ ആരംഭിച്ചതായും ട്വിറ്റര്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് വേരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് തത്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്നും ട്വിറ്റര്‍ അറിയിച്ചു.
ഹാക്ക് ചെയ്യപ്പെട്ടവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലേക്ക് ഒരു ബിറ്റ്‌കോയില്‍ വാലറ്റ് അഡ്രസ്സ് പ്രത്യക്ഷപ്പെടുകയാണുണ്ടായത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടിന് ഉപയോഗിക്കുന്ന ഡാറ്റാ കീയാണ് ബിറ്റ്‌കോയിന്‍. കൂടാതെ 30 മിനിറ്റിനുളളില്‍ ബിറ്റ്‌കോയിന്‍ വഴി ഫണ്ട് അയക്കുന്നവരുടെ പണം ഇരട്ടിയായി നിങ്ങളുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന സന്ദേശവും ഇതിനോടൊപ്പം വന്നു. ഇങ്ങനെ ഒന്നില്‍ കൂടുതല്‍ ബിറ്റ്‌കോയിന്‍ വാലറ്റ് അഡ്രസ്സുകള്‍ വന്നതിനാല്‍ ഇവയുടെ ഉറവിടം കണ്ടെത്തുന്നത് പ്രതിസന്ധിയിലാവുകയാണ് ഉണ്ടായത്.