ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയിലെ കടുത്ത ആരാധകനായ ബുസാ കൃഷ്ണ രാജു കഴിഞ്ഞ ഞായറാഴ്ച്ചയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ട്രംപിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരാശയിലായ ബുസാ രാജു ഭക്ഷണവും ഉറക്കവും ഉപേക്ഷിക്കുകയായിരുന്നു.
ഒരിക്കല്‍ പുലര്‍ച്ചെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് 33കാരനായ മകന്‍ ട്രംപിന്റെ ആരാധകനായതെന്ന് അമ്മ പറഞ്ഞു. ട്രംപിനും ഭാര്യയ്ക്കും സുഖമില്ലെന്ന് കേട്ടതുമുതല്‍ രാജു വളരെയധികം ടെന്‍ഷനിലായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി രാജു, ട്രംപിനെ ആരാധിക്കുകയാണ്. വാറങ്കലില്‍ ട്രംപിന്റെ ഒരു പ്രതിമ മകന്‍ സ്ഥാപിച്ചിരുന്നതായും അമ്മ വെളിപ്പെടുത്തി. എവിടേക്ക് പോയാലും ട്രംപിന്റെ ചിത്രം കൈയില്‍ കരുതുമെന്നും അമ്മ പറഞ്ഞു. ട്രംപിന് സുഖമില്ലാത്തതിനാല്‍ വിഷമമുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നതായി രാജുവിന്റെ ഭാര്യാ മാതാവും അറിയിച്ചു.
രാജുവിന് രക്ത സമ്മര്‍ദ്ദം കുറയുന്ന രോഗമുണ്ടായിരുന്നതായി കുടുംബസുഹൃത്തും സുഷ്മ ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഹ പറഞ്ഞു. ആരോഗ്യം വളരെയധികം മോശമായിരുന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. നാട്ടിലെ ജനങ്ങളുടെ സ്വന്തം ‘ട്രംപ് കൃഷ്ണന്‍’ മരണത്തിലേക്ക് പോയതില്‍ നിരാശയിലാണ് നാട്ടുകാരും.



















