മുംബൈ: ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘന്‍ശ്യാം.
ടിവി കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടില്‍ റിപ്പബ്ലിക് ടിവി ചാനല്‍ ഓണ്‍ ചെയ്ത് ഇടുന്നതിന് പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിക്ക് പുറമെ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയും പോലീസിന് പരാതി ലഭിച്ചിരുന്നു.
2018 ലെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് പ്രേരണാക്കുറ്റത്തിന് അര്‍ണബ് അറസ്റ്റിലായത്. റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു അന്‍വയ് നായിക്. ജോലി ചെയ്തതിന്റെ കുടിശിക റിപബ്ലിക് ടിവി തന്നില്ലെന്ന് ആത്മഹത്യകുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.











