തൃശൂര്‍: കുട്ടനെല്ലൂരില്‍ വനിത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെയാണ് തൃശൂര്‍ പൂങ്കുന്നത്ത് നിന്ന് പോലീസ് പ്രതി മഹേഷിനെ പിടികൂടിയത്. കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങര സ്വദേശി ഡോക്ടര്‍ സോനയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് കുത്തിക്കൊല്ലുന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കൃത്യം നടത്തിയ ശേഷം കാറില്‍ രക്ഷപ്പെട്ട ഇയാളെ ഒരാഴ്ചയ്ക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്.
സോനയുടെ സുഹൃത്താണ് മഹേഷ്. മഹേഷിന്റെ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മഹേഷ് പലപ്പോഴായി 35 ലക്ഷത്തിലധികം രൂപ കൈക്കലാക്കിട്ടുണ്ട്. ഇത് സംബന്ധിച്ച് മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കിയതോടെ കത്തിയെടുത്ത് മഹേഷ് രണ്ടുതവണ സോനയെ കുത്തി. ഉടന്‍ സ്ഥലത്തുനിന്ന് ഇയാള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. സോനയുടെ മൃതദേഹം പാലക്കുഴ സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.