കൊച്ചി: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ഫേസ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്കെതിരെ പോലീസ് ആക്ട് 118 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പരാതി. മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാനാണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്. 118 എ പ്രകാരമുള്ള ആദ്യ പരാതിയാണ് ഇത്.
ഫിറോസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഫേസ്ബുക്ക് വഴി വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. പോസ്റ്റിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പോലീസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് പരാതിയും. പുതിയ നിയമം അനുസരിച്ച് പരാതിക്കാരനില്ലെങ്കില്‍ പോലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.
അതേസമയം പോലീസ് നിയമ ഭേദഗതി വിവാദമായതോടെ പുതിയ നിയമം അനുസരിച്ച് കേസെടുക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതിക്ക് സാധ്യത. പോലീസിന് പുറമെ നിയമ വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തും. പാരാതികളില്‍ കേസെടുക്കുന്നത് സമിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും. ആര്‍ക്കും പരാതി നല്‍കാമെന്ന വ്യവസ്ഥയും നടപ്പാക്കിയേക്കില്ല. അടുത്ത ബന്ധുക്കള്‍ പരാതിക്കാരാകണമെന്ന വ്യവസ്ഥവെക്കും. ഡിജിപിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഇവ ഉള്‍പ്പെടുത്താനാണ് ആലോചന.











