തിരുവനന്തപുരം: ട്രഷറി തട്ടിപ്പില്‍ കുറ്റം സമ്മതിച്ച് ബിജുലാല്‍. രണ്ട് കോടി രൂപയ്ക്ക് പുറമെ 74 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. ഏപ്രിലിലും മെയിലുമായാണ് പണം തട്ടിയത്. റമ്മി കളിച്ചു, ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ മൊഴി നല്‍കി.
ട്രഷറി ക്യാഷ് കൗണ്ടറില്‍ നിന്നും പണം മോഷ്ടിച്ചതായി ബിജുലാല്‍ വെളിപ്പെടുത്തി. 60,000 രൂപയാണ് മോഷ്ടിച്ചത്. പരാതി നല്‍കുമെന്നായപ്പോള്‍ ക്യാഷറുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. പണം ലഭിച്ചതിനാല്‍ ട്രഷറി ഓഫീസര്‍ തുടര്‍ നടപടി എടുത്തില്ലെന്ന് ബിജുലാല്‍ പറഞ്ഞു. ബിജുലാലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്നു ബിജുലാല്‍. വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് ബിജുലാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനെ തുടര്‍ന്ന് ഇയാളെ പിരിച്ചുവിടുകയും ഒരാള്‍ ഒഴികെ എല്ലാവരെയും സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 20 മുതല്‍ തുടങ്ങിയ തട്ടിപ്പ് ജൂലൈ 27നാണ് ശ്രദ്ധയില്‍ പെട്ടത്. പ്രാഥമിക പരിശോധയില്‍ തന്നെ ബിജുലാല്‍ ആണ് പണം തട്ടിയതെന്ന് കണ്ടെത്തുകയായിരുന്നു.











