അബുദാബി: ഡിസംബര്‍ 24 മുതല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അബുദാബി ക്രൈസിസ് എമെര്‍ജന്‍സീസ് ആന്‍ഡ് ഡിസാസ്റ്റെര്‍സ് കമ്മിറ്റി.ഇത്തരത്തില്‍ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കും, അന്താരാഷ്ട്ര യാത്രികര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.എമിറേറ്റിലെ കൊറോണ വൈറസ് പ്രതിരോധ നടപടികളില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനായി, മുന്‍കരുതല്‍ നടപടികളിലും, ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം.
അബുദാബിയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രികരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ അന്താരാഷ്ട്ര യാത്രികരും,അബുദാബിയില്‍ എത്തുന്നതിന് മുന്‍പ് 96 മണിക്കൂറിനുള്ളില്‍ നേടിയ കൊവിഡ് 19 പിസിആര് ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കണം.
എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ അന്താരാഷ്ട്ര യാത്രികര്‍ക്കും അബുദാബി വിമാനത്താവളത്തില്‍ പ്രവേശിച്ച ശേഷം രണ്ടാമതും കൊവിഡ് 19 പിസിആര് ടെസ്റ്റ് നിര്‍ബന്ധമാണ്.
രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്നുള്ള ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ടൈസ്റ്റ് റിസള്‍ട്ട് ലഭിക്കുന്നത് വരെ യാത്രികന്‍ സ്വയം ഐസൊലേറ്റ് ചെയ്യണം. രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടിക താഴെ നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
തുടര്‍ന്ന് ആറ് ദിവസത്തില്‍ കൂടുതല്‍ എമിറേറ്റില്‍ താമസിക്കുന്നവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിച്ച ശേഷം ആറാം ദിനത്തില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. 12 ദിവസത്തില്‍ കൂടുതല്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ക്ക് ആറാം ദിനത്തിലെ പരിശോധനയ്ക്ക് പുറമെ പന്ത്രണ്ടാം ദിനത്തിലും ടെസ്റ്റ് നടത്തേണ്ടതാണ്.
അബുദാബിയിലേക്കുള്ള അന്താരാഷ്ട്ര യാത്രികര്‍ക്ക് രോഗസാധ്യത തീരെയില്ലാത്തതായി കണക്കാക്കുന്ന ‘ഗ്രീന്‍’ വിഭാഗത്തിലുള്ള രാജ്യങ്ങളുടെ പട്ടിക https://visitabudhabi.ae/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തില്‍ ഈ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും പുതുക്കും.