ശില്‍പ ഇന്ദു
കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ടൂറിസം സംവിധാനം പുനരാരംഭിക്കാന്‍ തീരുമാനിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഈജിപ്ത്, എത്യോപിയ, കെനിയ, ലിബേറിയ, റുവാണ്ട, സെനഗല്‍, സേഷെല്‍സ്, സിയറ ലിയോണി, ടാന്‍സാനിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ടൂറിസം മേഖല ഇതിനോടകം തന്നെ തുറന്നു കഴിഞ്ഞു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള്‍ തങ്ങളുടെ ടൂറിസം മേഖല വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ബുര്‍കിനാ ഫാസോ, കാമറൂണ്‍, കേപ് വെര്‍ഡെ, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോ, ജിബൂട്ടി, ഇക്വറ്റോറിയല്‍ ഗിനിയ, ഘാന, മാലി, മൊറോക്കോ, നൈജീരിയ, സുഡാന്‍, സാംബിയ എന്നീ രാജ്യങ്ങള്‍ ഉടന്‍ തന്നെ ടൂറിസം മേഖല തുറക്കുമെന്നും അറിയിച്ചു. ബാക്കിയുളള രാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ഓരോ രാജ്യങ്ങളും വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുളളത്.
കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളും അടച്ചിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളായിരുന്നു ഓരോ രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്. താരതമ്യേന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താനും പിന്‍വലിക്കാനും തീരുമാനിച്ചു. മിക്ക രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു കര്‍ഫ്യൂ നിക്കം ചെയ്യുകയും വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും തുടങ്ങി. ഇത്തരത്തില്‍ മിക്ക രാജ്യങ്ങളും സാധാരണ നിലയിലേക്ക് തിരിച്ച് വരാന്‍ തുടങ്ങിയതിനാലാണ് മാസങ്ങളോളമായി അടഞ്ഞു കിടക്കുന്ന ടൂറിസം മേഖല തുറക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്.
ടൂറിസത്തിനായി തുറന്ന രാജ്യങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും
1. ഈജിപ്ത്
ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ റിസോര്‍ട്ടുകള്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. വിനോദ സഞ്ചാരികള്‍ക്കായി ഗവണ്‍മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിച്ചിട്ടുണ്ട്. വിമാനയാത്രയിലും എയര്‍പോട്ടിലും മാസ്‌ക്ക് ധരിക്കണം, ട്രാവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ഉണ്ടായിരിക്കണം, രാജ്യത്ത് എത്തുമ്പോള്‍ താപനില പരിശോധനയ്ക്ക് വിധേയമാകണം, വിസാ കാലാവധിയുണ്ടായിരിക്കണം എന്നിവയാണവ. അതേസമയം ടൂറിസം മേഖല തുറന്നെങ്കിലും ഗവണ്‍മെന്റ് നിര്‍ദേശിച്ചിട്ടുളള സ്ഥലങ്ങളില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുളളു.
2. എത്യോപ്യ
എത്യോപ്യയിലും അന്താരാഷ്ട്ര വിമാനസര്‍വ്വീസ് പുനരാരംഭിക്കുകയും ടൂറിസം മേഖല തുറന്നുകൊടുക്കുകയും ചെയ്തു. യാത്രക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് 5 ദിവസം മുന്‍പ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റിന് വിധേയമായതിന്റെ പരിശോധനാഫലം കൈവശമുണ്ടായിരിക്കണം. അല്ലാത്തപക്ഷം സര്‍ക്കാര്‍ നിയുക്ത ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതുമാണ്.
3. കെനിയ
രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ഓഗസ്റ്റ് ഒന്നു മുതല്‍ അന്താരാഷ്ട്ര ടൂറിസം മേഖല തുറന്നു കൊടുക്കും. പ്രസിഡന്റ് ഉഹൂറു കെനിയാറ്റയാണ് ഇക്കാര്യം അറിയിതച്ചത്. യാത്രക്കാരുടെ കൈവശം നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് ഉണ്ടായിരിക്കണം. എന്നാല്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുന്‍പായി വേറെ എന്തൊക്കെ പരിശോധനകള്‍ നടത്തണമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
4. ലിബേറിയ
ജൂലൈ ഒന്നു മുതലാണ് ലിബേറിയയില്‍ ടൂറിസം മേഖല തുറന്നു കൊടുത്തത്. കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 200 ലധികം കോവിഡ് കേസുകള്‍ നിലനില്‍ക്കുന്ന രാജ്യത്ത്് നിന്നുളളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആ നിബന്ധന നീക്കം ചെയ്തിരിക്കുകയാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. എയര്‍പോട്ടില്‍ താപനില പരിശോധയക്ക് വിധേയമാകണം. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്ന സമയത്ത് ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ സര്‍ക്കാരിന്റെ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്യണം.
5. റുവാണ്ട
ജൂണ്‍ 17 മുതല്‍ വിനോദസഞ്ചാരികള്‍ക്കായി ടൂറിസം മേഖല തുറക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളിലെയും സന്ദര്‍ശകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം. പക്ഷേ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പായി നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നുമാത്രം. യാത്രയ്ക്ക്് പുറപ്പെടുന്നതിനു മുന്‍പ് lab@rbc.gov.rw ലേക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് മെയില്‍ ചെയ്തിരിക്കുകയും വേണം.
6. സെനഗല്‍
കൃത്യമായ നിയന്ത്രണങ്ങളോട് കൂടിയാണ് വിനോദ സഞ്ചാരികള്‍ക്കായി പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജൂലൈ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയുണ്ടായി. എന്നിരുന്നാലും മറ്റുളള രാജ്യങ്ങളില്‍ നിന്നുളള റോഡ് മാര്‍ഗവും കടല്‍മാര്‍ഗവും വഴിയുളള അതിര്‍ത്തികള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. അസേമയം സന്ദര്‍ശകര്‍ യാത്രക്ക് പുറപ്പെടുന്നതിന് ഏഴു ദിവസം മുന്‍പ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. രാജ്യത്ത പ്രവേശിക്കുമ്പോള്‍ മെഡിക്കല്‍ സ്‌ക്രീനിങ്ങിന് യാത്രക്കാര്‍ വിധേയരാകണം. ഗവണ്‍മെന്റ് നിര്‍ദേശിച്ചിട്ടുളള ഹെല്‍ത്ത് ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം.
7. സേഷെല്‍സ്
ജൂണ്‍ ഒന്നു മുതല്‍ നിയന്തരണങ്ങളോട് കൂടി വിനോദ സഞ്ചാര മേഖല ഗവണ്‍മെന്റ് വീണ്ടും തുറന്നു കൊടുക്കുകയാണുണ്ടായത്. കോവിഡ് വ്യാപനം ഏറ്റവും കുറവും ഇടത്തരവുമായി അനുഭവപ്പെട്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 72 മണിക്കൂറിന് മുന്‍പായി നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശമുണ്ടായിരിക്കണം.
8. സിയറ ലിയോണി
ജൂലൈ 22 മുതലാണ് രാജ്യത്തെ ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. ഒട്ടനവധി നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. യാത്രക്കാരുടെ പക്കല്‍ അതാത് ഗവണ്‍മെന്റ് നല്‍കുന്ന ട്രാവല്‍ അതോറിസേഷന്‍ കാര്‍ഡ് ഉണ്ടായിരിക്കണം. പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. രാജ്യത്ത് പ്രവേശിച്ചതിനു ശേഷം നടത്തുന്ന ടെസ്റ്റിനായി മുന്‍കൂറായി പണം അടയ്ക്കുകയും ചെയ്യണം. കൂടാതെ കാലാവധിയുളള വിസയും കൈവശമുണ്ടായിരിക്കണം.
9. ടാന്‍സാനിയ
ജൂണ്‍ മാസം മുതല്‍ ടാന്‍സാനിയ പ്രീ- കോവിഡ് നിയമങ്ങള്‍ പ്രകാരം വിനോദ സഞ്ചാരികളെ സ്വീകരിച്ചി തുടങ്ങിയിരുന്നു. മാസ്‌ക്ക് ധരിക്കുക, താപനില പരിശോധനയ്ക്ക വിധേയമാവുക, സാമൂഹിക അകലം എന്നിവയെല്ലാം സന്ദര്‍ശകര്‍ കൃത്യമായി പാലിക്കേണ്ടതാണ്. നിലവില്‍ 68 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശന വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും.
10. ടുണീഷ്യ
ജൂണ്‍ 27 മുതല്‍ അതിര്‍ത്തികള്‍ തുറന്നതായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. മറ്റു രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തെ കണക്കിലെടുത്ത് കളര്‍ കോഡിന്റെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഗ്രീന്‍ , ഓറഞ്ച് എന്നീ കളറിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഗ്രീന്‍ ലിസ്റ്റിലുളള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പരിശോധനയോ, ക്വാറന്റൈനോ ഒന്നുമില്ലാതെ തന്നെ പ്രവേശിക്കാന്‍ സാധിക്കും. ഓറഞ്ച് ലിസ്റ്റിലുളള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പായി നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം.