തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ടൂറിസം മേഖലയ്ക്ക് ആശ്വാസമായി 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍. പലിശ ഇളവുകളോടെയുള്ള വായ്പാ പദ്ധതി മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്നപേരിലാണ് നടപ്പാക്കുന്നത്. രണ്ടുതരത്തില്‍പ്പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകര്‍ക്കും ടൂറിസം വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കും. അഞ്ചു മാസത്തോളമായി നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി) വിവിധ ബാങ്കുകള്‍ വഴി നിലവിലെ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയില്‍ ആദ്യത്തെ ഒരു വര്‍ഷത്തെ പലിശയുടെ അമ്പത് ശതമാനം സംസ്ഥാന ടൂറിസം വകുപ്പ് സബ് സിഡിയായി നല്‍കും.
രണ്ടാമത്തെ പദ്ധതി ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേണ്ടിയാണ്. കേരള ബാങ്കുമായി ചേര്‍ന്നാണ് 100 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ കേരള ബാങ്ക് വായ്പ അനുവദിക്കും. ഒന്‍പതു ശതമാനമായിരിക്കും വായ്പയ്ക്കുള്ള പലിശ. ഈ പലിശയില്‍ മൂന്നു ശതമാനം മാത്രം ടൂറിസം മേഖലയിലെ തൊഴിലാളികള്‍ അടച്ചാല്‍ മതി. ആറു ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും.
നിലവില്‍ ടൂറിസം സംരംഭങ്ങള്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തന മൂലധന ലോണ്‍ എന്ന നിലയിലാണ് വായ്പകള്‍ അനുവദിക്കുന്നത്. 2500 ചെറുകിട സംരംഭകര്‍ക്ക് ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയും, 2500 വന്‍കിട സംരംഭകര്‍ക്ക് അഞ്ചു മുതല്‍ 25 ലക്ഷം രൂപ വരെയുമാണ് വായ്പ നല്‍കുന്നത്. ഇങ്ങനെ 5000 ടൂറിസം സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് വേണ്ടി 355 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതി പ്രകാരം ആറ് മാസത്തേക്ക് ലോണ്‍ തിരിച്ചടവ് ഒഴിവാക്കിയിട്ടുണ്ട്. ആദ്യത്തെ ഒരുവര്‍ഷം പലിശയുടെ 50 ശതമാനം തുക സര്‍ക്കാര്‍ വഹിക്കും. 355 കോടി രൂപയുടെ ഈ വായ്പാ പദ്ധതിയില്‍ പലിശ സബ്‌സിഡി നല്‍കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് 15 കോടി രൂപ പദ്ധതി വിഹിതത്തില്‍ നിന്ന് നല്‍കും.
ടൂറിസം മേഖലയിലെ പ്രതിസന്ധി കാരണം ബുദ്ധിമുട്ടിലായ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ സഹായിക്കാനാണ് ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം പദ്ധതി പ്രഖ്യാപിച്ചത്. ഓരോ തൊഴിലാളിക്കും ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ ഈ പദ്ധതിയിലൂടെ നാമമാത്രമായ പലിശയ്ക്ക് ലോണ്‍ ലഭ്യമാക്കും. കേരള ബാങ്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതി വഴി ലോണെടുക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ അടച്ചാല്‍ മതി. ഒമ്പതു ശതമാനം പലിശയ്ക്കാണ് കേരള ബാങ്ക് ലോണ്‍ നല്‍കുന്നതെങ്കിലും ഇതില്‍ ആറുശതമാനം പലിശ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. ഇതിനുള്ള അപേക്ഷ അതത് ജില്ലകളിലെ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴി നല്‍കണം. നാലു മാസത്തേക്ക് ലോണ്‍ തിരിച്ചടയ്‌ക്കേണ്ട. 100 കോടി രൂപയാണ് ടൂറിസം മേഖലയിലെ അമ്പതിനായിരം തൊഴിലാളികള്‍ക്ക് വായ്പ നല്‍കുന്നതിനായി വേണ്ടി വരുമെന്ന് കണക്കാക്കുന്നു. തൊഴിലാളികള്‍ക്ക് പലിശ ഇളവ് നല്‍കുന്നതിന് ഒമ്പത് കോടി രൂപയാണ് ടൂറിസം വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നീക്കിവെക്കുന്നത്.