ബെംഗളൂരു: ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു എന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു . ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നു പേര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. കര്‍ണാടകത്തിലെ വിജയപുരത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ണാടകത്തില്‍ താഴ്ന്നജാതിക്കാര്‍ക്കുനേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഈ ക്രൂരത പുറത്തറിഞ്ഞത്. യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തടികളും ചെരുപ്പുകളും കൊണ്ടായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത് . തന്നെ മര്‍ദ്ദിക്കരുതെന്ന് യുവാവ് കേണപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ആരും തന്നെ യുവാവിന്റെ അപേക്ഷ ചെവികൊണ്ടില്ല.
അടിയേറ്റ് അവശനായി വീണ തന്റെ വസ്ത്രമുരിഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവാവ് പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നു . സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലായിരുന്നു സംഘം ചേര്‍ന്നുളള മര്‍ദ്ദനം. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല എന്നാണ് വിവരം . വീഡിയോ ദൃശ്യത്തില്‍ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമങ്ങള്‍ ആരംഭിച്ചു എന്നാണ് പൊലീസ് പറയുന്നത് .