ന്യൂഡല്‍ഹി: അതിരു കടക്കുന്ന മാധ്യമ വിചാരണയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജിവച്ചു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്കെതിരായ മാധ്യമ വിചാരണയില്‍ പ്രതിഷേധിച്ചാണ് ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിംഗ് സോധി എന്നിവര്‍ രാജിവച്ചത്.
ഇരുവരും തങ്ങളുടെ രാജി വിവരം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ധാര്‍മികമായ ചില കാരണങ്ങളാല്‍ ചാനല്‍ വിടുന്നു എന്നാണ് ശാന്തശ്രീ സര്‍ക്കാര്‍ ട്വിറ്ററില്‍ കുറിച്ചത്. റിയ ചക്രബര്‍ത്തിക്കെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന ആക്രമണാത്മകമായ അജണ്ടയെ എതിര്‍ക്കാന്‍ തനിക്കാവില്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/sarkarshanta/status/1303391282841092096
സുശാന്ത് കേസിന്റെ സാമ്പത്തിക വശം പരിശോധിക്കുക എന്നതായിരുന്നു തനിക്കുള്ള നിര്‍ദേശമെന്നും സുശാന്തിന്റെ പണം ഉപയോഗിച്ച് റിയ ഫ്‌ലാറ്റ് വാങ്ങിയതിന്റെ സൂചനകള്‍ ഒന്നും ലഭിച്ചില്ലെന്നും ശാന്തശ്രീ പറയുന്നു. എന്നാല്‍ റിയയുടെ അപ്പാര്‍ട്‌മെന്റ് സന്ദര്‍ശിച്ചവരെയെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ സംശയത്തിന്റെ നിഴലില്‍ ആക്കുന്നതായാണ് പിന്നീട് കാണാന്‍ കഴിഞ്ഞതെന്നും അവര്‍ തുറന്നടിച്ചു.
വിഷയത്തില്‍ ചാനല്‍ സ്വീകരിക്കുന്ന നിലപാടിലെ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ 72 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യാനാണ് അധികാരികള്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ശാന്തശ്രീ വെളിപ്പെടുത്തി.
അതേസമയം റിപ്പബ്ലിക് ടിവിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിംഗ് സോധിയും സമാന ആരോപണമുന്നയിച്ചാണ് രാജിവെച്ചത്. റിപ്പബ്ലിക് ചാനല്‍ എന്നാല്‍ അര്‍ണബ് മാത്രമാണെന്നും ടീം വര്‍ക്കില്‍ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും തേജീന്ദര്‍ സിംഗ് സോധി ആരോപിച്ചു.