ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. മൂന്ന് ദിവസത്തെ ജുഡീഷല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിഷയെ തിങ്കളാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുശേഷം വീണ്ടും ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ടൂള്‍ കിറ്റ് കേസില്‍ കുറ്റാരോപിതരായ നികിത ജേക്കബിനെയും ശാന്തനു മുലുകിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരോടൊപ്പം ചോദ്യം ചെയ്യുന്നതിന് അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്നാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വീണ്ടും അഞ്ചു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് ദിഷയുടെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് അഗര്‍വാള്‍ വാദിച്ചു.
വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടാല്‍ ദിശയുടെ ജാമ്യാപേക്ഷയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് ദിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഇവരെ തിങ്കളാഴ്ച ദ്വാരകയിലെ പോലീസ് സൈബര്‍ സെല്‍ ആസ്ഥാനത്താണു ചോദ്യം ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട്.