മഹാമാരിക്കാലമാണ്…. രോഗത്തിന് പുറമെ പ്രതിസന്ധികൾ നിരവധി, പലതരം സങ്കീർണ്ണതകൾ മനസ്സിനെ ചുറ്റി വലിയുന്നുണ്ട്. പക്ഷെ ഏത് ദുരിത കാലത്തും സഹജീവികളെ ചേർത്തു നിർത്താൻ മറക്കരുത്. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെ , ഒറ്റയ്ക്കല്ല കൂടെയുണ്ട് എന്ന ആത്മ വിശ്വാസം പകർന്നു, കരുത്തോടെ മുന്നേറാനുള്ള ആത്മബലം കൊടുക്കേണ്ട സമയമാണിത് “.
ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ (സെപ്റ്റംബർ 10) ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന നിർദേശം ഇതാണ്. ഒറ്റ നിമിഷത്തെ തോന്നലിൽ ഇല്ലാതാകുന്ന ദുരന്തത്തെ പ്രതിരോധിക്കുക എന്നതാണ് ‘ടുഗെതർ വീ കാൻ’ എന്ന കാമ്പയിനിലൂടെ ഡബ്ള്യു.എച്ച്.ഒ. ലക്ഷ്യമിടുന്നത്.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുപ്രകാരം ആത്മഹത്യാനിരക്കിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. ദേശീയ തലത്തിൽ ആത്മഹത്യ നിരക്ക് 10.4 മാത്രമാകുമ്പോൾ സംസ്ഥാന നിരക്ക് 24..എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്കുള്ള ജില്ലയായി കൊല്ലം മാറി എന്നതും ഞെട്ടൽ ഉളവാക്കുന്നു. 41.2 ആണ് കൊല്ലത്തെ ആത്മഹത്യാ നിരക്ക്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ആത്മഹത്യ പ്രതിരോധത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം എന്നതും ശ്രദ്ധേയമാണ്. കൗമാരക്കാർക്കിടയിലാണ് ആത്മഹത്യ പ്രവണത ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊവിഡ് കാലത്തും അതിനു കുറവില്ല. “ചിരി “ഉൾപ്പെടെ നിരവധി കൗൺസിലിംഗ് പ്രോഗ്രാമുകളിലൂടെ സർക്കാർ ഇതിനു തടയിടാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട് . എന്നാൽ ജനപങ്കാളിത്തത്തോട് കൂടിയുള്ള പ്രതിരോധ പദ്ധതികളാണ് കൂടുതൽ കാര്യക്ഷമമെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നു.