പ്രേമൻ ഇല്ലത്ത്
ദിവoഗതനായ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽസബാഹ് യുടെ നിഴലിൽ 14വർഷങ്ങളായി കിരീടാവകാശിയായി കർമ്മനിരത നായ ഷെയ്ഖ് നവാഫ് അൽ ജാബർ അൽ അഹമദ് അൽ സബാഹ് ചൊവ്വാഴ്ച രാത്രി, രാജ്യത്തിന്റെ 16 മത് അമീറായി സ്ഥാനമേറ്റു. 83വയസ്സ് പ്രായമായ പുതിയ അമീറിന്റെ പിൻഗാമിയെ കുവൈറ്റ് ഭരണഘടനാ പ്രകാരം കിരീടാവകാശിയായി തെരഞ്ഞെ ടുക്കാനുള്ള ഒത്തു തീർപ്പുകളും ചർച്ചകളും അമീരി കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.
ഗവർണറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷെയ്ഖ് നവാഫ്, പിന്നീട് ഏറെക്കാലം ആഭ്യന്തര മന്ത്രിയായിരുന്നു. രാജ്യം ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച കാലം കൂടിയായിരുന്നു അത്. 1980 ഇൽ ബൈറൂത്തിൽ നിന്നും കുവൈറ്റ് സിറ്റിയിലേക്ക് പുറപ്പെട്ട ബോയിങ് വിമാനം തട്ടിക്കൊണ്ടുപോയ രണ്ടു ജോർദാനിയൻ പൗരന്മാരുമായി അനുരഞ്ജനത്തിലൂടെ വിമാനം കുവൈറ്റിൽ എത്തിച്ചു യാത്രക്കാരെ രക്ഷിച്ചത് ലോക ശ്രദ്ധ നേടിയ ഇടപെടലായിരുന്നു. ഇറാഖിന്റെ കുവൈറ്റ് ആക്രമണകാലത്തു, ഷെയ്ഖ് നവാഫ് പ്രതിരോധ മന്ത്രി എന്ന നിലയിൽ, നടത്തിയ നയതന്ത്ര നീക്കങ്ങളിലൂടെ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യ സേനകളെ രൂപപ്പെട്ടുതിന്നതിൽ അമീറിനൊപ്പം ശ്രദ്ധേയമായ പ്രവർത്തനം നടത്തി.
കുവൈറ്റിൽ നിന്ന് കൊണ്ട് ഇറാഖിനെ ആക്രമിച്ച അമേരിക്കക്കു 148യോദ്ധാക്കളെ നഷ്ടപ്പെട്ടെങ്കിലും, ഇറാഖിന്റെ 20000ഓളം പട്ടാളക്കാരെ കൊന്നൊടുക്കാൻ അവർക്കു കഴിഞ്ഞു…
യുദ്ധാനന്തരം തൊഴിൽ സാമൂഹ്യ ക്ഷേമവകുപ് മന്ത്രിയായും കുവൈറ്റ് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് ആയും ഏറെക്കാലം പ്രവർത്തിച്ചതിനു ശേഷമാണ് 2006ഇൽ കിരീടാവകാശിയായി അവരോധി ക്കപ്പെട്ടതു.
ഷെയ്ഖ് നവാഫിന് ഭാര്യയും നാലാൺ മക്കളും ഒരു മകളുമുണ്ട്.
വിവാദങ്ങളുടെ ഒരു പോറൽ പോലുമേൽക്കാത്ത ഭരണാധികാരി എന്നാണ് ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹിനെ, സൈമൺ ആൻഡേഴ്സൺ നെ പോലുള്ള രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.




















