ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2020 ന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.
ദോഹ : ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.
ഈ വര്‍ഷമവസാനം നടക്കുന്ന ലോകകപ്പിനുള്ള വിവിധ വിഭാഗത്തിലെ ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പനയാണ് തുടങ്ങിയത്. മേഖലയിലേയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഖത്തറിലേക്ക് ക്ഷണിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.
ബുധനാഴ്ച ഖത്തര്‍ സമയം ഒരു മണിക്കാണ് ആദ്യ വില്‍പന നടന്നത്. ഫെബ്രുവരി എട്ട് ഉച്ചയ്ക്ക് ഒരു മണി വരെ ടിക്കറ്റുകള്‍ ലഭ്യമാകും. https://www.qatar2022.qa/en/tickets എന്ന വെബ്‌സൈറ്റില്‍ ടിക്കറ്റിനുള്ള ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷമാകും ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കുക.
ഏറ്റവും ഉയര്‍ന്ന ടിക്കറ്റിന് 1,598 ഡോളറാണ് ( 119,000 രൂപ ) നിരക്ക്. ഗ്രൂപ്പ് സ്റ്റേജിലെ ടിക്കറ്റുകള്‍ക്ക് 250 റിയാലാണ് ( 5,113 രൂപ) നിരക്ക് , അതേസമയം, ഖത്തറിലെ താമസക്കാര്‍ക്ക് നാല്‍പത് റിയാലിന് ( 818 രൂപ) ടിക്കറ്റുകള്‍ ലഭ്യമാകും.
നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ സാധാരണ ജൂണിലാണ് അരങ്ങേറുക. എന്നാല്‍, ഖത്തറിലെ കാലാവസ്ഥയുടെ കാഠിന്യം കണക്കിലെടുത്ത് ജൂണ്‍ മാസത്തില്‍ നിന്ന് നവംബറിലേക്ക് മത്സരങ്ങള്‍ നടത്തുന്നത് മാറ്റുകയാണുണ്ടായത്.
നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ ശൈത്യകാലം ആരംഭിക്കുമെങ്കിലും സ്റ്റേഡിയങ്ങള്‍ എയര്‍ കണ്ടീഷന്‍ ചെയ്ത് തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
കോവിഡ് മൂലം സമ്മര്‍ -വിന്റര്‍ ഒളിമ്പിക് മത്സരങ്ങളില്‍ വിദേശത്ത് നിന്നുള്ള കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. കോവിഡ് ലോകകപ്പ് മത്സരങ്ങളെ ബാധിക്കില്ലെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.
വന്‍ നിക്ഷേപമാണ് ലോകകപ്പിനായി ഖത്തര്‍ നടത്തിയിരിക്കുന്നത്. പുതിയ സ്റ്റേഡിയങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യ വികസനങ്ങളും വന്‍ തോതില്‍ നടത്തിയിട്ടുണ്ട്. ലോകകപ്പിലൂടെ 2000 കോടി യുഎസ് ഡോളറിന്റെ മുന്നേറ്റമാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് കാണാന്‍ 12 ലക്ഷം പേര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് വില്‍പനയുടെ പങ്കും ടൂറിസം വ്യോമയാന രംഗത്തു നിന്നുള്ള വരുമാനവും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുമെന്നാണ് കരുതുന്നത്.
ഒരേ ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ കാണുന്നതിന് സ്റ്റേഡിയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മെട്രോ സേവനം ഉള്‍പ്പടെയുള്ള ഗതാഗത സംവിധാനമാണ് ഖത്തര്‍ ഒരുക്കിയിട്ടുള്ളത്.