തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപാന്തരീക്ഷം തകരുകയാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നിവയുടെയെല്ലാം നഷ്ടം കൂട്ടിച്ചേര്‍ത്ത് കേരളത്തിലെ വ്യവസായ പൊതുമേഖലകള്‍ മുഴുവന്‍ നഷ്ടത്തിലാണെന്ന് സ്ഥാപിച്ച് ഉമ്മന്‍ചാണ്ടി തങ്ങളെ ചിരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് തോമസ് ഐസക് ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കിയത്.
തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ നിക്ഷേപാന്തരീക്ഷം തകരുകയാണെന്നും ഈസ് ഓഫ് ഡൂയിംങ് ബിസിനസ് റാങ്കിംഗില്‍ കേരളം പിന്നോട്ടടിച്ചിരിക്കുകയാണെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഇതാണ് സാഹചര്യമെങ്കില്‍ കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിഫലിക്കണമല്ലോ. എന്നാല്‍ അവിടെ നമുക്ക് തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ് കാണാന്‍ കഴിയുന്നത്.
1) യുഡിഎഫ് ഭരണകാലത്ത് ശരാശരി വാര്‍ഷിക വരുമാന വളര്‍ച്ചാ നിരക്ക് 4.9 ശതമാനം വീതമാണ്. 2016-17 / 201718 കാലയളവില്‍ വരുമാന വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. യുഡിഎഫ് കാലത്തെ വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരുന്നതെങ്കില്‍ ഇപ്പോള്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്.
2) 201415 ല്‍ സംസ്ഥാന വരുമാനത്തിന്റെ 9.8 ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. 2018-19 ല്‍ അത് 13.9 ശതമാനമായി ഉയര്‍ന്നു.
3) 201415 ദേശീയ വ്യവസായ ഉല്‍പ്പാദനത്തില്‍ കേരളത്തിന്റെ വിഹിതം 1.2 ശതമാനമായിരുന്നു. 2018-19 ല്‍ അത് 1.6 ശതമാനമായി ഉയര്‍ന്നു.
പിന്നെ എന്തുകൊണ്ട് ദേശീയ ഈസ് ഓഫ് ഡൂയിംങ് ബിസിനസ് റാങ്കില്‍ കേരളം പിന്നോട്ടുപോയി? റാങ്കിംങ് കണക്കുകൂട്ടുന്ന രീതിയെക്കുറിച്ചുള്ള കേരളത്തിന്റെ ഗൗരവമായ വിമര്‍ശനങ്ങള്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് എഴുതിയിട്ടുണ്ട്. എങ്ങനെയാണ് 2017ല്‍ 21-ാം സ്ഥാനമുണ്ടായിരുന്ന കേരളം 2019 ല്‍ 28-ാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടതെന്ന് വിശദീകരിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിന്റേതാണ്. റാങ്ക് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതല്ലാതെ ഇതു സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാന്‍ ഇതുവരെ അവര്‍ തയ്യാറായിട്ടില്ല. പല സംസ്ഥാനങ്ങളും സുതാര്യതയെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.
ലോകബാങ്ക് രാജ്യങ്ങള്‍ക്കുവേണ്ടി തയ്യാറാക്കുന്ന റാങ്ക് പട്ടികയെക്കുറിച്ചും ഇതുപോലെ ഗൗരവമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ ലോകബാങ്ക് ആഗോള അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരണം താല്‍ക്കാലികമായി കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു എന്നതും പ്രസ്താവ്യമാണ്. ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച് ആ രാജ്യങ്ങളിലെ റാങ്കിംങിലും മാറ്റം വരുത്തി എന്നായിരുന്നു ആക്ഷേപം. ചിലിയോട് മാപ്പുപറയേണ്ടിപോലും വന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ടിലെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് മാറ്റങ്ങള്‍ യുപിക്കും കേരളത്തിനും വന്ന സ്ഥാനചലനങ്ങളാണ്. 2017-18 ല്‍ 12-ാം സ്ഥാനത്തായിരുന്ന ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തേയ്ക്ക് ചാടിക്കയറി. കേരളമാവട്ടെ മുന്‍പു പറഞ്ഞപോലെ 21-ാം സ്ഥാനത്തു നിന്നും 28-ാം സ്ഥാനത്തേയ്ക്ക് ഇടിഞ്ഞു. ഇതൊരു വിരോധാഭാസമാണ്.
1) യുപിയിലെ വന്‍കിട സ്വകാര്യനിക്ഷേപ പ്രോജക്ടുകളുടെ എണ്ണം 2017-18 ല്‍ 165 ആയിരുന്നത് 2018-19 ല്‍ 108 ആയും 2019-20 ല്‍ 55 ആയും കുറയുകയാണുണ്ടായത്. കേരളത്തിലാവട്ടെ 2017-18 ല്‍ വന്‍കിട നിക്ഷേപ പ്രോജക്ടുകളുടെ എണ്ണം 22 ഉം, 2018-19 ല്‍ 27 ഉം, 2019-20 ല്‍ 24 ഉം വീതമായിരുന്നു.
2) ദേശീയ അപ്ലൈഡ് ഇക്കണോമിക്‌സ് റിസര്‍ച്ച് (ചഇഅഋഞ), സ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് പൊട്ടന്‍ഷ്യല്‍ (ടകജക), സൂചികയില്‍ കേരളത്തിന്റേത് 47.4 ല്‍ (2017) നിന്നും 48.9 (2018) ലേയ്ക്ക് മെച്ചപ്പെട്ടു. യുപിയുടേതാകട്ടെ 34.4 ല്‍ നിന്നും 39.9 ആയിട്ടേ ഉയര്‍ന്നിട്ടുള്ളൂ.
യുപിയുടെ റാങ്കിംങ് രാഷ്ട്രീയ സ്വാധീനത്തിലാണെന്ന് വലിയ ആക്ഷേപമാണുള്ളത്.
ഇനി ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തെ ഈസ് ഓഫ് ഡൂയിംങ് ബിസിനസ് പ്രകടനം എന്തായിരുന്നുവെന്നു നോക്കാം. സ്‌കോറുകള്‍ നിര്‍ണ്ണയിക്കുന്നതിന് 340 ഘടകങ്ങളാണ് അന്ന് ഉപയോഗിച്ചിരുന്നത്. 2015 ല്‍ 23 ശതമാനം ഘടകങ്ങള്‍ കേരളം പൂര്‍ത്തീകരിച്ചിരുന്നു. 2016 ല്‍ ഇത് 27 ശതമാനമായി. 2017 ല്‍ 45 ശതമാനമായി. 2019 ല്‍ പരിഗണിക്കുന്ന ഘടകങ്ങളുടെ എണ്ണം 187 ആയി കേന്ദ്രസര്‍ക്കാര്‍ ക്രോഡീകരിച്ചു. ഇവയില്‍ 83 ശതമാനവും ഇന്ന് കേരളം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കാലത്തെ അപേക്ഷിച്ച് കേരളത്തില്‍ ഈസ് ഓഫ് ഡൂയിംങ് ബിസിനസ് മുന്നോട്ടാണോ പിന്നോട്ടാണോ പോയിട്ടുള്ളതെന്ന് ഇനി നിങ്ങള്‍ തീരുമാനിക്കുക.
റാങ്കിംങില്‍ നാം പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 18-ാം സ്ഥാനത്തു നിന്നും 21-ാം സ്ഥാനത്തേയ്ക്ക് വീണു. ഇപ്പോള്‍ 28-ാം സ്ഥാനത്തേയ്ക്കും. 100 ഇന പരിപാടിയുടെ ഭാഗമായി ഏകജാലക സംവിധാനം അതിന്റെ പൂര്‍ണ്ണതയില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അപ്പോഴേയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വരുമായിരിക്കും. ഇനിയും വരുത്തേണ്ട മാറ്റങ്ങള്‍ നമുക്ക് ഏറ്റെടുക്കാം.
അതിനിടയില്‍ കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നിവയുടെയെല്ലാം നഷ്ടം കൂട്ടിച്ചേര്‍ത്ത് കേരളത്തിലെ വ്യവസായ പൊതുമേഖലകള്‍ മുഴുവന്‍ നഷ്ടത്തിലാണെന്ന് സ്ഥാപിച്ച് ഉമ്മന്‍ചാണ്ടി സാര്‍ ഞങ്ങളെ ചിരിപ്പിക്കരുത്. പൊതുമേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ ഏത് കുഞ്ഞുകുട്ടിയോടും ചോദിച്ചാല്‍ അറിയാവുന്ന കാര്യമല്ലേ. എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?
https://www.facebook.com/thomasisaaq/posts/3907931612556284

















